ജനങ്ങളുടെസ്വത്ത് കൊള്ളയടിക്കുന്നവർക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു.
എളമരം കരീം എം.പി.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി നടപ്പാക്കിവരുന്ന ഉദാരവൽക്കരണ നയങ്ങൾവഴി രാജ്യത്തെ സമ്പത്ത് മുഴുവൻ കോർപ്പറേറ്റുകൾ കയ്യടക്കിയതായി എളമരം കരീം എം.പി അഭിപ്രായപ്പെട്ടു. 2019 ജനുവരി 8,9 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി ചേർന്ന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംയുക്ത സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെട്ട സമ്പത്തിന്റെ 78 ശതമാനവും കേവലം ഒരു ശതമാനം വരുന്ന കോർപ്പറേറ്റു കമ്പനികൾ കൊണ്ടുപേകുന്നതായാണ് ഓക്‌സ്ഫാം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ജി.ഡി.പി വൻ വളർച്ചനേടുന്നു എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾ വളർച്ചയുടെ ഗുണഫലം ഒരുപറ്റം കോർപ്പറേറ്റുകൾക്ക് മാത്രമാണ്.
പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചു നടക്കുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ നടന്ന സംസ്ഥാന കൺവൻഷനിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് സ. പി.വിജയമ്മ, എ.ഐ.എസ്.ജി.ഇ.എഫ് ചെയർമാൻ സുഭാഷ് ലംബ, എ.ഐ.എസ്.ജി.ഇ.എസ്.സി ജനറൽ സെക്രട്ടറി സി.ആർ.ജോസ്പ്രകാശ്, കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് & വർക്കേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.രാജേന്ദ്രൻ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ, കെ.ജി.ഒ.എ. ജനറൽ സെക്രട്ടറി ടി.എസ്.രഘുലാൽ, ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ, കേരള ലെജിസ്ലേച്ചർ സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.വിനോദ്,കെ.ജി.എൻ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ഉഷാദേവി എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.സി.ഹരികൃഷ്ണൻ പണിമുടക്ക് പ്രമേയം അവതരിപ്പിച്ചു. അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ എസ്. വിജയകുമാരൻ നായർ
അദ്ധ്യക്ഷത വഹിച്ച കൺവൻഷനിൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ടി.സി. മാത്തുക്കുട്ടി
സ്വാഗതവും അദ്ധ്യാപകസർവ്വീസ് സംഘടനാ സമരസമിതി ചെയർമാൻ എൻ.ശ്രീകുമാർ നന്ദിയും പ്രകാശിപ്പിച്ചു.