ജനപക്ഷ സിവിൽസർവ്വീസിനായി പ്രതിബദ്ധതയോടെ മുന്നോട്ട്…
ടി.സി.മാത്തുക്കുട്ടി, ജനറൽ സെക്രട്ടറി കേരള എൻ.ജി.ഒ. യൂണിയൻ
ലോകഭൂപടത്തിൽ ഒരു ചുവന്ന സിന്ദൂരപ്പൊട്ടായി കേരളം അടയാളപ്പെടുത്തപ്പെട്ടിട്ട് ആറ് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. നവകേരള സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള കർമ്മപരിപാടികളുമായി ഭരണത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. പശ്ചിമഘട്ടത്തെ കേറിയും മറിഞ്ഞുമുള്ള കേരളത്തിന്റെ വളർച്ചക്കൊപ്പം സഞ്ചരിച്ച സംസ്ഥാന സിവിൽസർവ്വീസിനെ അലകും പിടിയും മാറ്റി ജനാധിപത്യവൽക്കരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്ന സന്ദർഭമാണിത്. അഴിമതിരഹിതവും കാര്യക്ഷമവും ജനപക്ഷവുമായൊരു സേവനമേഖല സാർത്ഥകമാക്കാൻ പ്രതിജ്ഞാബദ്ധമായ കേരള എൻ.ജി.ഒ. യൂണിയൻ സർവ്വീസ് മേഖലയുമായി ബന്ധപ്പെട്ടുയരുന്ന ചർച്ചകളെ അർത്ഥവത്തായി കാണുകയാണ്.
നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ സന്തതിയാണ് അഴിമതിയും, കാര്യക്ഷമതാരാഹിത്യവും, വ്യവസ്ഥിതി മാറിയാലല്ലാതെ ഇത്തരം സാമൂഹിക തിന്മകൾ മാറില്ല. അതുകൊണ്ട് വ്യവസ്ഥിതി മാറുംവരെ ഇതെല്ലാം തുടരട്ടെ എന്ന നിലപാട് സംഘടനക്കില്ല. സാമൂഹികവ്യവസ്ഥ മാറ്റിമറിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളോടൊപ്പം സാമൂഹികതിന്മകൾക്കറുതിവരുത്താനുള്ള സമരങ്ങളും കണ്ണി ചേർക്കപ്പെടേണ്ടതുണ്ട്. ഈ കാഴ്ചപ്പാടോടെയാണ് എക്കാലവും കേരള എൻ.ജി.ഒ. യൂണിയൻ സിവിൽസർവ്വീസിനെ സമീപിച്ചിട്ടുള്ളത്.
അടിസ്ഥാനപരമായി തന്നെ ചട്ടക്കൂടിന്റെയും നിയമവ്യവസ്ഥകളുടെയും പ്രതിലോമതകൾ സിവിൽസർവ്വീസിന് സമ്മാനിച്ചത് ജനാധിപത്യവിരുദ്ധമുഖമാണ്. രാജവാഴ്ചയാകട്ടെ, കോളനിഭരണക്രമമാകട്ടെ അധികാരം അരക്കിട്ടുറപ്പിക്കാനുതകുംവിധം കരംപിരിവും, ക്രമസമാധാനപാലനവും മാത്രം നിർവ്വഹിച്ചുപോന്ന പൂർവ്വകാല സിവിൽസർവ്വീസിന് ജനകീയമായൊരു കാഴ്ചപ്പാട് അന്യമായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ പഴയ സംതൃപ്തി സിദ്ധാന്തത്തിൽ നിന്ന് വ്യത്യസ്ഥമായിരുന്നില്ല ഇവിടെയും സ്ഥിതി.
നീതിയുക്തമായ നിയമനരീതികളോ, സേവന വേതനവ്യവസ്ഥകളോ ഇല്ലാതിരിക്കുകയും ഭരണനിർവ്വഹണ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് മുകളിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. എന്നാൽ ജന്മി നാടുവാഴിത്വവും രാജഭരണവും കോളനിവാഴ്ചയും പിന്നിട്ട് ജനാധിപത്യഭരണക്രമത്തിലേക്കുള്ള കേരളത്തിന്റെ വികാസപരിണാമങ്ങളിൽ സിവിൽസർവ്വീസിന്റെ പങ്കും ഇഴചേർന്നുകിടക്കുന്നുണ്ട്. കോളനിവാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നാട് മിഴിതുറന്നതും, ഐക്യകേരളം യാഥാർത്ഥ്യമായതും ജനാധിപത്യസർക്കാർ രൂപീകരണവും ഇതരമേഖലകളിലെന്നതുപോലെ സിവിൽസർവ്വീസിലും മാറ്റത്തിന് വഴിമരുന്നിട്ടു.
കേരളപ്പിറവിയെ തുടർന്ന് 57 ൽ അധികാരത്തിലെത്തിയ ഇ.എം.എസ് സർക്കാരിന്റെ ആദ്യ ചുവടുവയ്പുകൾ തന്നെ ഭരണത്തിന്റെ ജനാധിപത്യവൽക്കരണത്തിന് വിത്തുപാകി. സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി സിവിൽസർവ്വീസ് മാറുന്നതിന് ആദ്യ ജനകീയ സർക്കാർ വഴിയൊരുക്കി. വിദ്യാഭ്യാസ ഭൂപരിഷ്കരണനടപടികളും, ഭരണപരിഷ്കാര കമ്മീഷൻ രൂപീകരണവും സിവിൽസർവ്വീസിന്റെ ജനകീയവൽക്കരണപാതയിലെ നാഴികക്കല്ലുകളായി. ഉന്നതകുലജാതരായ വരേണ്യവർഗ്ഗത്തിനുമാത്രം സർക്കാർ ജോലി ലഭ്യമായിരുന്നതിന് അറുതിവരുത്തുന്നതും 57 ലാണ്. ഡോക്ടർ ബിരുദം നേടിയിട്ടും ജാതിയിൽ താഴ്ന്നതായതിനാൽ കേരളത്തിൽ ജോലി നിഷേധിക്കപ്പെട്ട് മദ്രാസിലേക്ക് വണ്ടികയറേണ്ടിവന്ന ഡോ: പൽപ്പുവിന്റെ ജീവിതകഥ കേരളത്തിലെ പൂർവ്വകാല സർക്കാർ സർവ്വീസിന്റെ വരേണ്യ താൽപര്യം പ്രകടമാക്കുന്നതാണ്. പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ട് ഇ.എം.എസ്. സർക്കാർ ഈ സാമൂഹിക അസമത്വത്തിന്റെ അടിവേരറുക്കുകയാണ് ചെയ്തത്. അധികാരവികേന്ദ്രീകരണം, പഞ്ചായത്ത് ഭരണസംവിധാനം, ആരോഗ്യ-വിദ്യാഭ്യാസമേഖലയുടെ വിപുലീകരണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ വികാസവും കേരളീയ സാമൂഹിക ജീവിത വളർച്ചക്കൊപ്പം ദൃശ്യമായി. മുഖ്യമന്ത്രി ഇ.എം.എസ് അദ്ധ്യക്ഷനായി ആദ്യ ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിക്കപ്പെട്ടു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, എൻ.ഇ.എസ്. രാഘവാചാരി, പ്രൊഫ. വി.കെ.എൻ. മേനോൻ, എച്ച്.സി. മാളവ്യ, പി.എസ്. നടരാജപിള്ള, ജി. പരമേശ്വരൻപിള്ള എന്നിവർ കമ്മീഷൻ അംഗങ്ങളായിരുന്നു.
നാളിതുവരെ പിന്തുടർന്നുവന്ന രീതിശാസ്ത്രങ്ങളിൽ നിന്ന് വഴിമാറി നടക്കാൻ സിവിൽസർവ്വീസിനെ പ്രാപ്തമാക്കുന്ന , അഴിമതിക്ക് തടയിട്ട് കാര്യക്ഷമത ഉറപ്പുവരുത്തുന്ന നിരവധി നിർദ്ദേശങ്ങൾ കമ്മീഷൻ മുന്നോട്ടുവച്ചു. വിദ്യാഭ്യാസ ആരോഗ്യസ്ഥാപനങ്ങളുടെ ചുമതല പഞ്ചായത്തുകൾക്ക് കൈമാറൽ, നിയമനങ്ങൾ പി.എസ്.സി വഴിയാക്കൽ ജീവനക്കാർക്ക് പരിശീലനം, അഴിമതിക്കാരെ പ്രോസിക്യൂട്ട് ചെയ്യൽ സ്ഥലംമാറ്റങ്ങൾക്ക് മാനദണ്ഡം രൂപീകരിക്കൽ തുടങ്ങി സിവിൽസർവ്വീസിനെ ജനകീയവൽക്കരിക്കാനുതകുന്ന 143 നിർദ്ദേശങ്ങളാണ് ഭരണപരിഷ്കരണകമ്മീഷൻ മുന്നോട്ടുവച്ചത്. കുപ്രസിദ്ധമായ വിമോചനസമരത്തിലൂടെ ഇ.എം.എസ് സർക്കാർ പിരിച്ചുവിടപ്പെടുകയും പിന്നീടുവന്ന കോൺഗ്രസ് സർക്കാരുകൾ ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ വിമുഖത കാട്ടിയതും തിരിച്ചടിയായി.
സിവിൽസർവ്വീസിനെ ജനസൗഹൃദമാക്കുന്നതിനുള്ള പരിശ്രമങ്ങൾക്കൊപ്പം അടിമസമാനതൊഴിൽ സാഹചര്യങ്ങളിൽ മാറ്റംവരുത്തി ജീവനക്കാരെ നട്ടെല്ലുയർത്തി നിൽക്കാൻ പ്രാപ്തരാക്കുന്നതിലും ഇ.എം.എസ് സർക്കാർ വലിയ പങ്കുവഹിച്ചു. 1957 മെയ് 9 ന് പാലക്കാട് ചേർന്ന ഉത്തര കേരള എൻ.ജി.ഒ. അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.ജി.ഒ. മാർക്ക് ശമ്പളവർദ്ധനവും അലവൻസും പ്രധാനമാണ്, എന്നാൽ അതിലേറെ പ്രാധാന്യമുള്ളത് അത് ചോദിക്കാനുള്ള അവകാശമാണ് എന്ന ഇ.എം.എസിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം, സിവിൽസർവ്വീസിൽ പൊതുസംഘടനാരൂപീകരണത്തിന് ഊർജ്ജം പകർന്നു.
മെച്ചപ്പെട്ട കൂലിവ്യവസ്ഥയും തൊഴിൽസാഹചര്യങ്ങളുമുള്ള ഇന്നത്തെ സിവിൽസർവ്വീസിന്റെ പരിചിതമുഖം മാത്രം കണ്ടുശീലിച്ചവർക്ക് സങ്കൽപ്പിക്കാനാകാത്തൊരു ഭൂതകാലത്താണ് ഇ.എം.എസ് ജീവനക്കാരോട് സംവദിച്ചത്. രാജ്യത്തെ സർക്കാർ ജീവനക്കാരുടെ ആദ്യ സംഘടനയായ ഇന്ത്യൻ ടെലഗ്രാഫ് അസോസിയേഷൻ 1906 ൽ രൂപംകൊണ്ടെങ്കിലും കേരളമുൾപ്പെടെയുള്ള ഭൂവിഭാഗങ്ങളിൽ ജീവനക്കാരുടെ സംഘടനാരൂപങ്ങൾ ഉയർന്നുവരാൻ പിന്നെയും വർഷങ്ങൾ വേണ്ടിവന്നു. 1924 ൽ മദ്രാസ് എൻജിഒ അസോസിയേഷന് സർക്കാർ അംഗീകാരം നൽകുമ്പോൾ പൊതുകാര്യങ്ങളിലല്ലാതെ വ്യക്തികളുടെ കാര്യങ്ങൾ സംഘടന ഏറ്റെടുക്കാൻ പാടില്ലെന്നതടക്കം കർശന നിബന്ധനകളാണ് മുന്നോട്ടുവച്ചത്. കുറഞ്ഞവേതനം, ദുരിതപൂർണ്ണമായ ജീവിത അവസ്ഥ മേലുദ്യോഗസ്ഥ പീഢനം തുടങ്ങി അടിമസമാന തൊഴിൽ സാഹചര്യങ്ങളാണ് അന്നത്തെ സിവിൽസർവ്വീസിൽ നിലനിന്ന്ത്. നിയമനവും പ്രമോഷനുമെല്ലാം കാര്യപ്രാപ്തിക്കും സീനിയോറിറ്റിക്കുമപ്പുറം മേലധികാരികളുടെ പ്രീതി പ്രധാന മാനദണ്ഡമായിരുന്നു. അവകാശ സംരക്ഷണത്തിനുവേണ്ടി ഒരുമിച്ചുനിൽക്കേണ്ടതിനുപകരം വകുപ്പു കാറ്റഗറികളായി പരസ്പരം പോരടിക്കുന്ന സംഘടനാ രൂപങ്ങൾ. സ്തുതി ഗീത രചനക്കും മംഗളപത്ര സമർപ്പണത്തിനുമപ്പുറം ജീവനക്കാരുടെയും സർവ്വീസ് മേഖലയുടെയും സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി ശബ്ദമുയർത്താൻ പൊതുസംഘടന അനിവാര്യമാണെന്ന് ഇഎം.എസിന്റെ വാക്കുകൾ 1958 ഓടെ യാഥാർത്ഥ്യത്തോടടുത്തു. 14 സംഘടനകൾ 1958 ഒക്ടോബറിൽ യോഗം ചേർന്ന് കേരളാസർവ്വീസ് സംഘടനാ ഫെഡറേഷൻ രൂപീകരിക്കുകയും 59 ൽ ഫെഡറേഷന്റെ മുഖപത്രമായി കേരളാസർവ്വീസ് മാസിക പ്രസിദ്ധീകരണമാരംഭിക്കുകയും ചെയ്തു. 1963 ഒക്ടോബർ 27 ന് സംസ്ഥാനത്തെ എൻജിഒ മാരുടെ പൊതുസംഘടന എന്ന നിലയിൽ കേരള എൻജിഒ യൂണിയന്റെ പിറവിയിലേക്ക് നയിക്കുന്നത് സർവ്വീസ് സംഘടനാഫെഡറേഷനാണ്.
സിവിൽസർവ്വീസും ജനങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ചെടുക്കാൻ തുടക്കം മുതലെ കേരള എൻജിഒ യൂണിയൻ ശ്രമിച്ചിരുന്നു. 1965 ൽ കോഴിക്കോട് ചേർന്ന സംഘടനയുടെ രണ്ടാം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയപ്രഖ്യാപന പ്രമേയത്തിൽ ഇക്കാര്യം സുവ്യക്തമായിത്തന്നെ പ്രതിപാദിക്കപ്പെട്ടു. ജീവനക്കാർ തങ്ങളുടെ ഔദ്യോഗികസ്ഥാനങ്ങൾ അനധികൃതമായ രീതിയിൽ വരുമാനമുണ്ടാക്കുവാനും മറ്റും ഉപയോഗിക്കുന്നുവെന്ന് പൊതുജനമനസിൽ നിലനിൽക്കുന്ന ധാരണയും, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ ഉണ്ടാകേണ്ടുന്ന പെരുമാറ്റരീതികളല്ല സർക്കാർ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നുമുള്ള പരാതികളുമാണ് പരിഹരിക്കേണ്ടത്. ഈ ധാരണകൾ നീക്കുവാനും സത്യസന്ധമായ കടമകൾ നിറവേറ്റുന്ന ഒരു സിവിൽസർവ്വീസ് നിലനിർത്തുവാനും യൂണിയൻ അതിന്റെ പരമാവധി പരിശ്രമിക്കുന്നതാണ്. അഴിമതിയില്ലാത്ത ഒരു നല്ല സിവിൽസർവ്വീസ് കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും യൂണിയൻ കൈക്കൊള്ളുന്നതായിരിക്കും.
1965 ലാണ് രണ്ടാം ഭരണപരിഷ്ക്കാരകമ്മീഷൻ നിയമിക്കപ്പെടുന്നത്. ഡോ: എം.കെ. വെള്ളോടിയായിരുന്നു അധ്യക്ഷൻ. സിവിൽസർവ്വീസിനെ അഴിമതി വിമുക്തവും കാര്യക്ഷമവുമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, ഭക്ഷ്യഭദ്രത തുടങ്ങിയവക്ക് ഊന്നൽ നൽകി മാനവിക വികസനം ലക്ഷ്യമിടുന്ന നിർദ്ദേശങ്ങളാണ് കമ്മീഷൻ മുന്നോട്ടുവച്ചത്. 1997 ൽ മുഖ്യമന്ത്രി ഇ.കെ. നായനാർ അധ്യക്ഷനായി രൂപീകരിക്കപ്പെട്ട മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നാല് റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. ഉദ്യോഗസ്ഥതലത്തിൽ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ, ഭരണനടപടികളുടെ വേഗതവർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടവ, ഹാജർ, കാര്യക്ഷമത ഉറപ്പുവരുത്തൽ, പൗരാവകാശ രേഖ, വിവരാവകാശം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളെ അഭിസംബോധന ചെയ്ത് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സിവിൽസർവ്വീസിന്റെ കാര്യക്ഷമതയും ജനകീയതയും ഉറപ്പുവരുത്തുവാൻ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. 2016 ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ചെയർമാനായി രൂപീകരിച്ച നാലാം ഭരണപരിഷ്കരണ കമ്മീഷൻ അതിന്റെ ആദ്യ റിപ്പോർട്ടിൽ അഴിമതിക്ക് തടയിടുന്നതിന്റെ ഭാഗമായി സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു.
സംഘടനാരൂപീകരണഘട്ടത്തിലും നയപ്രഖ്യാപനത്തിലും ഉയർത്തിപ്പിടിച്ച അഴിമതിക്കും കാര്യക്ഷമതാരാഹിത്യത്തിനുമെതിരായ നിലപാടിൽ മുറുകെപ്പിടിച്ചുകൊണ്ടാണ് എക്കാലവും കേരള എൻജിഒ യൂണിയൻ മുന്നോട്ടുപോയിട്ടുള്ളത്. ജനങ്ങളും ജീവനക്കാരും തമ്മിൽ സൗഹൃദാത്മകബന്ധം വളർത്തിയെടുക്കുന്നതിനും കാര്യക്ഷമത പ്രധാന അജണ്ടയാക്കുന്നതിനും യൂണിയൻ സദാ ജാഗ്രത പുലർത്തിയിട്ടുണ്ട്. 1987 ൽ യൂണിയൻ രജത ജൂബിലി സമ്മേളനം സിവിൽസർവ്വീസ് കാര്യക്ഷമമാക്കുന്നതിനുള്ള പോരാട്ടങ്ങൾ പ്രധാന അജണ്ടയായി ഏറ്റെടുക്കാൻ തീരുമാനിച്ച്, കർമ്മപദ്ധതികൾക്ക് രൂപം നൽകിരംഗത്തിറങ്ങി. സർവ്വീസ്രംഗത്തെ അപചയങ്ങൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ യൂണിയൻ ശ്രദ്ധാപൂർവ്വം ഇടപെട്ടു. യൂണിയൻ ബ്രാഞ്ചുകമ്മറ്റികളുടെ നേതൃത്വത്തിൽ ബഹുജനസേവനം ലക്ഷ്യമിട്ട് സർവ്വീസ് സെന്ററുകൾ ആരംഭിച്ച് സർക്കാർ ഓഫീസുകളുടെ സേവനം സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം പകരുന്നതിന് ലഘുലേഖകളും മറ്റും തയ്യാറാക്കി നൽകി. സംഘടനയുടെ താഴെതലം മുതൽ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളിലുള്ളവർ സാമൂഹ്യതിന്മകൾക്ക് അതീതരാകണമെന്ന കർശനനിലപാട് സ്വീകരിച്ചു. ജനസൗഹൃ സിവിൽസർവ്വീസ് യാഥാർത്ഥ്യമാക്കുന്നതിനുള്ള വലിയൊരു തുടക്കമായി ഈ പ്രവർത്തനങ്ങൾ മാറി. രജതജൂബിലി സമ്മേളന തീരുമാനവും കാര്യക്ഷമത മുൻനിർത്തി യൂണിയൻ നടത്തിയ പ്രവർത്തനങ്ങളും സമൂഹത്തിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു. ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന ഓഫീസുകൾ തെരഞ്ഞെടുത്ത് അഴിമതിരഹിതവും കാര്യക്ഷമവുമായ സേവനം സമയബന്ധതമായി ലഭ്യമാക്കുന്ന മാതൃകാഓഫീസ് പ്രവർത്തനങ്ങൾക്ക് 1996 -2001 കാലഘട്ടത്തിൽ യൂണിയൻ നേതൃത്വം നൽകി. ഇതോടൊപ്പം സമയബന്ധിത സേവനം സർക്കാർ ഓഫീസുകളിൽ നിന്നും ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്ന പൗരാവകാശരേഖ പ്രകാശനവും തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കി. കുടിശ്ശിക ജോലികൾ യഥാസമയം പൂർത്തീകരിച്ച് ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് സംഘടനാപ്രവർത്തകർ 2006-11 കാലഘട്ടത്തിൽ അവധി ദിവസങ്ങളിലും അധികസമയവും ജോലിചെയ്യുവാൻ എടുത്ത തീരുമാനം ഓഫീസ് മേധാവികളും സാധാരണ ജീവനക്കാരും നെഞ്ചേറ്റിയ അനുഭവമാണുള്ളത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി രണ്ട് ലക്ഷം മനുഷ്യാധ്വാനം സംഭാവന ചെയ്തും, മാനവീയം പദ്ധതിയുടെ ഭാഗമായി ജില്ലകളിൽ സാമൂഹിക വികസനപദ്ധതികൾ ഏറ്റെടുത്ത് നിർമ്മിച്ചുനൽകിയതും പുതിയ മാതൃകകളായി.
അരനൂറ്റാണ്ട് പിന്നിട്ട സംഘടനാ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ കാര്യക്ഷമതാപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ സർക്കാരിന്റെ ഇഛാശക്തിയും അനുകൂല സാമൂഹിക അന്തരീക്ഷവും പ്രധാനപ്പെട്ടതാണെന്ന് നിസ്സംശയം പറയാം. അടിയന്തിരാവസ്ഥപോലെ നാവടക്കി പണിയെടുക്കാനാജ്ഞാപിച്ച അടിച്ചേൽപ്പിച്ച അച്ചടക്കവും, 2002 ൽ അവകാശാനുകൂല്യങ്ങൾ കവർന്നെടുത്ത കിരാത നടപടികളും സർവ്വീസ്മേഖലയുടെ അപചയത്തിന് ഗതിവേഗം കൂട്ടിയതായി കാണാം. വൈരനിര്യാതനബുദ്ധിയോടെ നടത്തിയ സ്ഥലംമാറ്റങ്ങളും അടിച്ചേൽപ്പിച്ച പങ്കാളിത്തപെൻഷനും സേവന വേതനഘടന പിന്നോട്ടടിപ്പിച്ച മുൻ യുഡിഎഫ് ഭരണനിലപാടുകളും ജീവനക്കാരുടെ മനോവീര്യം തളർത്തിയിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിൽ കാര്യക്ഷമതാപ്രവർത്തനങ്ങൾ പിന്തള്ളപ്പെടുകയും നിലനിൽപ്പിനായുള്ള പ്രക്ഷോഭം അനിവാര്യമാവുകയും ചെയ്തിട്ടുണ്ട്. പഞ്ചിംഗ് അടക്കം എൽഡിഎഫ് സർക്കാർ സിവിൽസർവ്വീസിന്റെ കാര്യക്ഷമത ഉയർത്തുന്നതിന് സ്വീകരിച്ച നടപടികൾ ഭരണമാറ്റത്തിലും തുടരണമെന്ന നിലപാടാണ് യൂണിയൻ സ്വീകരിച്ചതെങ്കിലും യുഡിഎഫ് ഭരണത്തിൽ അതൊന്നും അജണ്ടയിലുണ്ടായില്ല. കാര്യക്ഷമത മുദ്രാവാക്യമായി ഉയർത്തി യൂണിയൻ നടത്തിയ പ്രവർത്തനങ്ങളോട് നേരിട്ട് ഐക്യപ്പെട്ടില്ലെങ്കിലും സിവിൽസർവ്വീസിലെ പൊതുസംഘടനകൾ ഈ വിഷയത്തിൽ തനതായി രംഗത്ത് വരികയും കാര്യക്ഷമതക്കും അഴിമതി രഹിത സിവിൽസർവ്വീസിനുമായുള്ള പ്രക്ഷോഭങ്ങളിൽ ഒറ്റക്കൊറ്റക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന മാതൃകാപരമായ നിലപാട് സ്വീകരിക്കാൻ പല സർവ്വീസ് സംഘടനകളും സന്നദ്ധമായില്ലെന്നത് ഈ ഘട്ടത്തിലെ പ്രധാന പോരായ്മയായിരുന്നു.
നവലിബറൽ പരിഷ്കരണങ്ങളുടെ ഹോമാഗ്നിയിൽ എരിഞ്ഞടങ്ങേണ്ടതല്ല സിവിൽസർവ്വീസെന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് നയങ്ങൾക്കെതിരായ പോരാട്ടത്തിനൊപ്പം സിവിൽസർവ്വീസിന്റെ നിലനിൽപ്പിനായുള്ള പ്രക്ഷോഭത്തെയും കണ്ണിചേർക്കാൻ കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ ശ്രദ്ധിച്ചിട്ടുണ്ട്. ലോകത്താകെ പണിയെടുക്കുന്നവർ കൊടിനിറം മറന്ന് തങ്ങളുടെ നിലനിൽപ്പിനായി ഒത്തുചേരുന്നതിന്റെ പ്രതിഫലനം 2009 മുതൽ ഇന്ത്യൻ തൊഴിൽമേഖലയിലും ദൃശ്യമായി. ഇന്ത്യയിലെ ട്രേഡ് യൂണിയനുകളാകെ മെച്ചപ്പെട്ട കൂലിക്കും തൊഴിൽ സുരക്ഷിതത്വത്തിനും, മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കും തൊഴിൽ മേഖലയുടെയും സ്ഥാപനത്തിന്റെയും സംരക്ഷണത്തിനുവേണ്ടി രാജ്യവ്യാപക പ്രക്ഷോഭത്തിൽ യോജിച്ചണിനിരന്നെങ്കിലും കേരളത്തിന്റെ സിവിൽസർവ്വീസിൽ അത്തരമൊരു സാഹചര്യം ഉയർന്നുവരാൻ 2016 വരെ കാത്തിരിക്കേണ്ടതായി വന്നു. ഇതിലേക്ക് എത്തുന്നതിൽ ഏറെ സ്വാധീനം ചെലുത്തുന്ന നടപടികൾ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും സർക്കാർ സമീപനത്തിലും ദൃശ്യമായി. സംസ്ഥാനത്തെ കയറ്റിറക്ക് തൊഴിൽമേഖലയിലെ തൊഴിലാളികൾക്കെതിരെ നോക്കുകൂലിയുടെ പേരിൽ കാലങ്ങളായി വ്യാപക ആക്ഷേപമാണ് ഉണ്ടായിരുന്നത്. ഈ മേഖലയിലെ തൊഴിലാളികൾ തൊഴിൽ ചെയ്യാതെ അനർഹമായി കൂലി വാങ്ങുന്നവരാണ് എന്നതായിരുന്നു പരാതി ഇതാണ് നോക്കുകൂലി എന്നുപറഞ്ഞുവന്നിരുന്നത്. ഈ മേഖലയിലെ ഒരു ചെറുവിഭാഗത്തിന്റെ പ്രവർത്തി പൊതു ആക്ഷേപമായി മാറുകയായിരുന്നു. ട്രേഡ് യൂണിയൻ സംഘടനകളുമായി ചർച്ച നടത്തി ഇത് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എല്ലാ ട്രേഡ് യൂണിയനുകളും സർക്കാർ നിർദ്ദേശത്തോടൊപ്പം നിന്നു. ഇത്തരമൊരു ആക്ഷേപം പരിഹരിക്കണമെന്നതിന് രണ്ടഭിപ്രായമുണ്ടായിരുന്നില്ല. ഇതാണ് ലോക തൊഴിലാളി ദിനമായ മെയ് 1 ന് നോക്കുകൂലി വാങ്ങുന്നത് നിർത്തലാക്കിക്കൊണ്ട് സർക്കാർ ഉത്തരവായത്. സംസ്ഥാന സിവിൽസർവ്വീസിൽ കൃത്യസമയത്ത് എത്താത്തതും നേരത്തെ പോകുന്നതുമുൾപ്പെടെയുള്ള വിട്ടുനിൽക്കൽ സമയത്തെ വേതനം വാങ്ങുന്നത് തൊഴിൽ ചെയ്യാതെ വേതനം വാങ്ങുന്നതിന് സമാനമാണ്. ഇതും ഒരു തരത്തിൽ നോക്കുകൂലി എന്ന വകുപ്പിൽ പെടുത്താൻ കഴിയും.
ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ അഴമിതി രഹിത, മതനിരപേക്ഷ വികസിതകേരളം സാർത്ഥകമാക്കുന്നതിന് ഇഛാശക്തിയോടെ മുന്നോട്ടുപോകുകയാണ് സംസ്ഥാസർക്കാർ. ഈ ലക്ഷ്യം കൈവരിക്കാനുതകുംവിധം ജീവനക്കാരെ വിശ്വാസത്തിലെടുത്ത് സിവിൽസർവ്വീസിന്റെ ജനാധിപത്യവൽക്കരണത്തിനുള്ള കർമ്മപദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചുകഴിഞ്ഞു. മുൻ യുഡിഎഫ് ഭരണഘട്ടത്തിലേതുപോലെ സേവനതുറകളിൽ നിന്ന് പിന്നോക്കം പോവുകയല്ല അവയെ വിപുലീകരിച്ച് ശക്തിപ്പെടുത്താനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യവിദ്യാഭ്യാസ-സാമൂഹികക്ഷേമമേഖലകളിൽ വൻ വികാസത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പടക്കം രൂപംകൊണ്ടുകഴിഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ 13000 പുതിയ തസ്തികകൾ സൃഷ്ടിച്ചു. 65,000 പേർക്ക് പി.എസ്.സി. മുഖേന നിയമനം നൽകി. ഇത്തരത്തിൽ സിവിൽസർവ്വീസിനെ ശാക്തീകരിക്കുന്നതിനൊപ്പം ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം അഴിമതിരഹിതവും സമയബന്ധിതവുമായി ലഭ്യമാക്കുവാനുള്ള തീവ്രശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ.
സർവ്വീസിന്റെ കാര്യക്ഷമതക്ക് ഊന്നൽ നൽകുവാനും അഴിമതിരഹിതമാക്കുവാനും സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് സർവ്വാത്മനാ സഹകരിക്കുവാനും സിവിൽസർവ്വീസ് മേഖലയിലെ എല്ലാ സംഘടനകളും ഒത്തൊരുമിച്ച് തീരുമാനിച്ചത്. സർവ്വീസ് സംഘടനകൾ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളുമുള്ളവർ തന്നെയാണ് എന്നാൽ തങ്ങളുടെ തൊഴിൽമേഖലയിൽ ഒരു ചെറുന്യൂനപക്ഷം സർവ്വീസിന് അവമതിപ്പുണ്ടാവുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കണമെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഞങ്ങൾക്കില്ല. ഈ അർത്ഥത്തിലാണ് സർവ്വീസ് മേഖലയിലെ സംഘടനകൾ സംയുക്തമായി സമഗ്രമായ നിവേദനം തയ്യാറാക്കി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് 2018 ഫെബ്രുവരി 6 ന് കൈമാറിയത്.
1. സർക്കാർ ഓഫീസുകളിലേയും സ്ഥാപനങ്ങളിലേയും ഹാജർ കർശനമാക്കണം. ജീവനക്കാർ സമയക്രമം പാലിക്കുന്നുണ്ടെന്ന് മേലധികാരികൾ ഉറപ്പുവരുത്തണം. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തി പഞ്ചിംഗ് ഉൾപ്പെടെയുള്ള ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്.
2. മുഴുവൻ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുകളും യൂണിഫോം ധരിക്കാൻ ബാധ്യതപ്പെട്ട ജീവനക്കാർക്ക് യൂണിഫോമും നിർബ്ബന്ധമാക്കണം.
3. എല്ലാ ഓഫീസുകളിലും പ്രതിമാസ അവലോകനയോഗങ്ങൾ ചേരണം. ജീവനക്കാർ അവരിൽ നിക്ഷിപ്തമായ ജോലികൾ സമയബന്ധിതമായി ചെയ്യുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പുവരുത്തണം. അവലോകനയോഗങ്ങളിൽ ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കാനാവശ്യമായ പ്രായോഗിക കാര്യങ്ങൾ ചർച്ച ചെയ്യണം.
4. എല്ലാ ഓഫീസുകളിലും, പ്രത്യേകിച്ച് ഡയറക്ടറേറ്റുകൾ, ജില്ലാതല ഓഫീസുകൾ എന്നിവിടങ്ങളിൽ ആധുനിക സജ്ജീകരണങ്ങളടങ്ങിയ ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തമാക്കണം. സൂപ്പർവൈസറി കേഡറിലുള്ള ഒരു ഉദ്യോഗസ്ഥന് ഇതിന്റെ ചുമതല നൽകണം. ഓഫീസ് സേവനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാനുള്ള സംവിധാനം (ടച്ച് സ്ക്രീൻ) സംവിധാനം വേണം.
സേവനങ്ങൾ പരമാവധി വേഗത്തിൽ ലഭിക്കുന്നതിനാവശ്യമാവുംവിധം അധികാരവികേന്ദ്രീകരണം ഓരോ വകുപ്പിലും നടപ്പിൽ വരുത്തണം.
തീരുമാനമെടുക്കാനുള്ള തട്ടുകളുടെ എണ്ണം കുറയ്ക്കണം. സർക്കാരിനും വകുപ്പദ്ധ്യക്ഷന്മാർക്കും മറ്റും ലഭിക്കുന്ന പരാതികളും നിവേദനങ്ങളും തീരുമാനമെടുക്കേണ്ട ഓഫീസുകളിലേക്ക് നേരിട്ട് അയയ്ക്കാനുള്ള സംവിധാനം വേണം.
5. ജോലിഭാരം കൂടുതലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിഭാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ പുനർവിന്യസിക്കണം. വകുപ്പുകളിൽ വർക്ക് സ്റ്റഡി നടത്തി സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്ക്കരിക്കണം.
6. ഓഫീസുകളിൽ വിവരസാങ്കേതിക വിദ്യകൾ (ഇന്റർനെറ്റ്, കമ്പ്യൂട്ടർ) ഉപയോഗപ്പെടുത്തണം. ഇവയുടെ ദുരുപയോഗം തടയണം.
7. അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. വകുപ്പുതല വിജിലൻസ് സംവിധാനം സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ശക്തമാക്കണം. വിജിലൻസ് കേസ്സുകൾ ആറ് മാസത്തിനകം തീർപ്പാക്കണം.
8. ജില്ലാ ഫിനാൻസ് ഇൻസ്പെക്ഷൻ വിംഗ് ശക്തിപ്പെടുത്തണം.
തുടങ്ങിയ 20 നിർദ്ദേശങ്ങളാണ് പൊതുവായി സംഘടനകൾ ഉന്നയിച്ചിട്ടുള്ളത്.
യൂണിയനടക്കം പൊതുസംഘടനകളുമായി ചർച്ച നടത്തി അഭിപ്രായ സമന്വയത്തിലൂടെ സിവിൽസർവ്വീസിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള തീരുമാനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് സംഘടനകൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളടക്കം പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനമെടുത്തിട്ടുള്ളത്. സേവനാവകാശനിയമം, നടപ്പിലാക്കുന്നതിലും കേരളപ്പിറവി തൊട്ട് സംസ്ഥാനം ആഗ്രഹിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് യാഥാർത്ഥ്യമാക്കുന്നതിലും സർക്കാരിന്റെ പ്രതിജ്ഞാബദ്ധത പ്രകടമായി. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടു. പ്രഖ്യാപിക്കപ്പെട്ടതുപോലെ തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് താമസംവിന യാഥാർത്ഥ്യമാകും. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനും നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്ക്കരിക്കുവാനും നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ഹാജർ നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിപഞ്ചിംഗ് ഏർപ്പെടുത്തിയപ്പോൾ ആദ്യഘട്ടത്തിൽ ചില കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നെങ്കിൽ പഞ്ചിംഗ് സംവിധാനത്തെ സ്പാർക്കുമായി ബന്ധപ്പെടുത്തുന്നതടക്കം ഇന്ന് സംഘടനകൾ പിന്തുണക്കുന്നു. അതെ, കേരളം മാറുകയാണ്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കേരളത്തിലെ സർവ്വീസ് സംഘടനകൾ ഒരേമനസ്സോടെ സിവിൽസർവ്വീസിന്റെ ജനകീയവൽക്കരണത്തിനായി രംഗത്തിറങ്ങുമ്പോൾ കേരളം വീണ്ടും രാജ്യത്തിനാകെ മാതൃകയാവുകയാണ്.