രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് ഫെബ്രുവരി ഒന്നാം തീയതി പാർലമെന്റിൽ അവതരിപ്പിക്കുകയുണ്ടായി. കഴിഞ്ഞകാലത്തേതിന് സമാനമായ രീതിയിൽ തന്നെയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതരാമൻ ഇപ്രാവശ്യവും ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് അവരുടെ ലാഭം വർദ്ധിപ്പിക്കുന്നതിനും കുത്തകകളെ സംരക്ഷിക്കുന്നതിനുമുളള നടപടികൾ ബഡ്ജറ്റിൽ ഉൾക്കൊളളിച്ചപ്പോൾ സാധാരണക്കാരെ നിശ്ശേഷം അവഗണിക്കുകയുണ്ടായി. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനോ, ജനങ്ങളുടെ ജീവിതഭാരം കുറക്കുന്നതിനോ ഉളള നിർദ്ദേങ്ങളൊന്നും തന്നെ ബഡ്ജറ്റിൽ ഇല്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും തൊഴിലുറപ്പ് പദ്ധതിക്കുമുളള വിഹിതം വെട്ടികുറച്ചിരിക്കുന്നു. ഭക്ഷ്യ സബ്സിഡി, ഗ്രാമവികസനഫണ്ട്, ഉച്ചഭക്ഷണ പരിപാടി, എന്നിവക്കുളള വിഹിതം വെട്ടികുറച്ചു. കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം ശക്തിപ്പെടുത്തന്നതാണ് ബഡ്ജറ്റ്. ആദായ നികുതിയിൽ നികുതിദായകർക്ക് ആശ്വാസം നൽകുന്ന നടപടികളൊന്നും ഉണ്ടായില്ല. നിരവധി പൊളളയായ വാഗ്ദാനങ്ങൾ മാത്രമാണ് ബഡ്ജറ്റിലുളളത്. ജീവൽപ്രശ്നങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. അങ്ങേയറ്റം ജനവിരുദ്ധമായ ബഡ്ജറ്റിൽ പ്രതിഷേധിച്ച് FSETO നേതൃത്വത്തിൽ ജില്ലാതാലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം പൊതുയോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , പ്രദീപൻ മാസ്റ്റർ, കെ സതീശൻ , കെ സി മഹേഷ്, എ വി മനോജ് കുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ ടി എം സുരേഷ് കുമാർ , സഞ്ജീവ്, സഗീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ വി വി വിനോദ്, ഷിനോജ്, പ്രതീഷ്, തനൂജ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ ടി സന്തോഷ് കുമാർ , രാമകൃഷ്ണൻ മാവില, കെ സി സുനിൽ എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ വി പി രജനീഷ് , പി വി സുരേന്ദ്രൻ, ടി പി സോമനാഥൻ എന്നിവർ സംസാരിച്ചു.
കണ്ണൂരിൽ നടന്ന പ്രകടനം – എം വി ശശിധരൻ സംസാരിക്കുന്നു