Kerala NGO Union

നഗരത്തെ ചെങ്കടലാക്കി ജീവനക്കാരുടെ ഉജ്ജ്വല മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ ജില്ലാ കേന്ദ്രമായ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണയ്‌ക്ക് മുന്നോടിയായി സംഘടിപ്പിച്ച മാർച്ച് നഗരത്തെ ചെങ്കടലാക്കി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നതടക്കമുള്ള കേന്ദ്രസർക്കാർ നടപടികൾ മൂലം രാജ്യത്തുണ്ടായിട്ടുള്ള വിലക്കയറ്റവും പണപ്പെരുപ്പവും ജനജീവിതം ദുരിതപൂർണ്ണമാക്കിത്തീർത്തിരിക്കുകയാണ്. പൊതുസ്വത്തുക്കൾ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിന്റെ ആഗോളവത്കരണ നവലിബറൽ നയങ്ങളുടെ ഭാഗമായി രാജ്യത്തെ സ്ഥിരവും സുരക്ഷിതവും നിർവ്വചിക്കപ്പെട്ട വേതനം ഉറപ്പുവരുത്തുന്നതുമായ സർക്കാർ, പൊതുമേഖലകളിലെ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു. കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലായി 11.93 ലക്ഷം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു.

ഇതിൽ നിന്നും വ്യത്യസ്തമായി, എല്ലാ മേഖലകളിലും സർക്കാർ ഇടപെടൽ വർദ്ധിപ്പിക്കുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ വിവിധ വകുപ്പുകളിലായി നാൽപതിനായിരത്തിലധികം പുതിയ  തസ്തികകൾ സൃഷ്ടിക്കുകയും പി.എസ്.സി. വഴി 1,72,000 ലധികം നിയമനങ്ങൾ നടത്തുകയും ചെയ്തു. ജി.എസ്.റ്റി. വിഹിതം യഥാസമയം നൽകാതെയും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം വിഹിതം വെട്ടിക്കുറച്ചും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമം.  ജി.എസ്.റ്റി. നഷ്ടപരിഹാരം നീട്ടണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസമീപനവും പ്രതിഷേധാർഹമാണ്.

കാര്യക്ഷമവും സമയബന്ധിതവുമായി സർക്കാർ ഓഫീസുകളിൽ നിന്നും സേവനങ്ങൾ ലഭ്യമാക്കി ജനോന്മുഖ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കുന്നതിന് എല്ലാ ജീവനക്കാരും പ്രതിജ്ഞാബദ്ധരാകണം. എല്ലാ സേവന മേഖലയിൽ നിന്നും സർക്കാരുകൾ പിന്മാറുക എന്ന നയത്തിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ട പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല.  യു.ഡി.എഫ്. സർക്കാർ കേരളത്തിൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്മേൽ  സംഘടനകളുമായി ചർച്ച ചെയ്‌ത് തുടർ നടപടികൾ സ്വീകരിക്കണം.

ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിലും തുടർന്ന് നടന്ന ധർണ്ണയിലും ആയിരക്കണക്കിന് ജീവനക്കാർ പങ്കെടുത്തു. ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ. ഷീജ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *