ദ്വിദിന ദേശീയപണിമുടക്ക്
ജീവനക്കാരും അദ്ധ്യാപകരും രാജ്ഭവൻ മാർച്ച് നടത്തി
2019 ജനുവരി 8,9 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്കിന് മുന്നോടിയായി
സംസ്ഥാനത്ത് രാജ്ഭവനിലേക്കും, ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും
ജീവനക്കാരും അദ്ധ്യാപകരും വമ്പിച്ച മാർച്ച് നടത്തി. രാജ്യത്ത് നടപ്പാക്കുന്ന
നവലിബറൽ നയങ്ങളുടെ ഭാഗമായി സമസ്തമേഖലയിലേയും ജനജീവിതം
അതീവ ദുസ്സഹമായ സാഹചര്യത്തിൽ, തൊഴിലാളികളും, കർഷകരും,
ജീവനക്കാരും അണിനിരക്കുന്ന ദേശീയ പണിമുടക്ക് 2019 ജനുവരി 8,9
തീയതികളിൽ നടക്കുകയാണ്.
മുഴുവൻ തൊഴിലാളിസംഘടനകളും മുന്നോട്ടുവച്ച ആവശ്യങ്ങളോട്
നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.
തൊഴിലില്ലായ്മ അതീവ ഗുരുതരാവസ്ഥയിലായ രാജ്യത്ത് നടപ്പിലാക്കിയ
നോട്ട് നിരോധനവും ജി.എസ്.ടി.യും പൊതുമേഖലകളുടെ വിൽപനയും
സ്ഥിതി കൂടുതൽ പരിതാപകരമാക്കി. ഇതിനെതിരെ രാജ്യത്ത്
വലിയതോതിലുള്ള പ്രക്ഷോഭം ഉയർന്നുവരികയാണ്.
സിവിൽസർവ്വീസ് മേഖലയിൽ പങ്കാളിത്ത പെൻഷൻ അടിച്ചേൽപ്പിച്ച
പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കണമെന്നും
തൊഴിൽമേഖലയിൽ നടപ്പാക്കുന്ന കരാർ-കാഷ്വൽവൽക്കരണം
അവസാനിപ്പിക്കണമെന്നും, കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ
തിരുത്തണമെന്നും ആവശ്യപ്പെട്ട് അദ്ധ്യാപകരും ജീവനക്കാരും
പണിമുടക്കിൽ പങ്കെടുക്കുകയാണ്. 2018 ഡിസംബർ 7 ന് തിരുവനന്തപുരത്ത്
രാജ്ഭവനിലേക്ക് നടന്ന മാർച്ച് രാവിലെ 11 മണിക്ക് പബ്ലിക് ഓഫീസ്
പരിസരത്തുനിന്ന് ആരംഭിച്ചു. മാർച്ചിൽ എ.ഐ.ടി.യു.സി. ജില്ലാസെക്രട്ടറി മീനാങ്കൽ കുമാർ,
ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ റ്റി.സി. മാത്തുക്കുട്ടി,
സമരസമിതി ജനറൽ കൺവീനർ എസ്. വിജയകുമാരൻ നായർ,
ആക്ഷൻ കൗൺസിൽ നേതാക്കളായ ടി.എസ്. രഘുലാൽ,
കെ.സി. അലി ഇക്ബാൽ, വി. സുരേഷ്, കെ. സെബാസ്റ്റ്യൻ, ഡോ: കെ.കെ. ദാമോരൻ,
എം. കുഞ്ഞുമോൻ എന്നിവരും സമരസമിതി നേതാക്കളായ ടി. മോത്തിലാൽ,
കെ. ബുഹാരി, എസ് നജുമുദ്ദീൻ, കെ.എസ്. അജികുമാർ, എസ്. ബിജു,
ബി. വിനോദ്, വി.ജി. അനന്തകൃഷ്ണൻ, സഫി മോഹൻ,
എസ്. രാജേഷ് എന്നിവരും സംസാരിച്ചു.
സമരസമിതി ജില്ലാ കൺവീനർ എസ്. ഷാജി അദ്ധ്യക്ഷത വഹിച്ച
യോഗത്തിൽ ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ
എം.എസ്. ശ്രീവത്സൻ സ്വാഗതവും ജില്ലാ ചെയർമാൻ എ. നജീബ് നന്ദിയും രേഖപ്പെടുത്തി.
ജില്ലകളിൽ നടന്ന മാർച്ചിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളും
സർവ്വീസ് സംഘടനാ നേതാക്കളും പങ്കെടുത്ത് സംസാരിച്ചു.