Kerala NGO Union

തദ്ദേശ സ്വയംഭരണ വകുപ്പിലെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശ സ്വയഭരണ പൊതുസര്‍വീസ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എന്‍ജിനിയറിങ്, നഗര – ഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതു സര്‍വീസ് രൂപവത്കരിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഏകീകരണം നടപ്പാക്കുന്നത്. അഞ്ച് വ്യത്യസ്ത വകുപ്പുകള്‍ പരസ്പരം ബന്ധപ്പെടാതെ നില്‍ക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് തടസമാകുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പൊതു സര്‍വീസ്. ഏകീകൃത വകുപ്പിന്റെ പേര് തദ്ദേശ സ്വയംഭരണ വകുപ്പെന്നും തലവന്റെ പേര് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്നുമായിരിക്കും.

നിലവിലുള്ള ജീവനക്കാര്‍ക്ക് ദോഷം വരാതെ ഏകീകരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശിക വികസനത്തിന്റെ ആസൂത്രണത്തിനും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും ഏകീകൃത ഉദ്യോഗസ്ഥ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള ഗ്രാമവികസന കമ്മീഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് റൂറല്‍, അര്‍ബന്‍ എന്നീ വിങ്ങുകള്‍ രൂപവത്കരിക്കും. ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍, പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍ എന്നിവയ്ക്ക് പകരം ഡയറക്ടര്‍ എല്‍എസ്ജിഡി റൂറല്‍, അര്‍ബന്‍ തസ്തികള്‍ നിലവില്‍വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *