സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരായി രാജ്യത്ത് വ്യാപകമായി വളര്‍ന്നുവരുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെയും തൊഴില്‍ സുരക്ഷിതത്വം അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും 2020 ഒക്ടോബര്‍ 21 ന് എന്‍.ജി.ഒ. യൂണിയന്‍റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷ – തൊഴില്‍ സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി സ്ഥാപനങ്ങളില്‍ വനിതാകൂട്ടായ്മകള്‍ നടത്തി.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ ഭരണത്തിന്‍ കീഴില്‍ രാജ്യം സ്ത്രീകള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരായ പീഢനങ്ങളുടെയും അതിക്രമങ്ങളുടെയും നാടായി മാറിയിരിക്കുന്നു. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. പെണ്‍കുട്ടിയുടെ മരണം കോവിഡ് മൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ കുടുംബാംഗങ്ങള്‍ക്ക്മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ഭീഷണിപ്പെടുത്താനും ജില്ലാ മജിസ്ട്രേട്ട് തന്നെ രംഗത്തുവന്നു. മരണശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ പോലീസ് തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകളയുകയും ചെയ്തു.
നവലിബറല്‍ സാമ്പത്തിക നയങ്ങളുടെയും കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുടെയും ഫലമായി തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെ പൂര്‍ണ്ണമായി അട്ടിമറിക്കുന്ന വിധത്തില്‍ കേന്ദ്ര ബി.ജെ.പി. സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളാകെ പൊളിച്ചെഴുതുകയാണ്. ആഗോള തൊഴില്‍ പങ്കാളിത്ത നിരക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറവാണ്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ തൊഴില്‍ നഷ്ടവും അതുമായി ബന്ധപ്പെട്ട ചൂഷണത്തിന്‍റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകള്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്ടം അവരെ സ്വന്തം കുടുംബങ്ങളില്‍ പോലും അരക്ഷിതമാക്കുന്ന സാമൂഹികാവസ്ഥയിലേക്ക് എത്തിക്കുകയാണ്.
മേല്‍ വിവരിച്ച സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വനിതാകൂട്ടായ്മകളില്‍ ജീവനക്കാര്‍ പങ്കെടുത്തു.