ദേശീയ പണിമുടക്ക് സമ്പൂർണ്ണം, സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു, അദ്ധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി
ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഘടനകളുടെയും സർവ്വീസ് സംഘടനകളുടെ കോൺഫെഡറേഷനുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച ദ്വിദിന പണിമുടക്ക് സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും സമ്പൂർണ്ണം. ആദ്യദിനം ജില്ലയിലെ 1422 സർക്കാർ ഓഫീസുകളിൽ 1228 എണ്ണവും 842 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 830 എണ്ണവും പൂർണ്ണമായും അടഞ്ഞുകിടന്നു. 13871 സർക്കാർ ജീവനക്കാരിൽ 13250 പേരും 12821 അദ്ധ്യാപകരിൽ 11385 പേരും പണിമുടക്കി. ജില്ലാ കളക്ടറേറ്റ്, ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ട്രഷറി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ആർ.റ്റി.ഒ. ഓഫീസ് തുടങ്ങിയ ഒട്ടുമിക്ക പ്രധാന ഓഫീസുകളിലും ആരും ജോലിക്ക് ഹാജരായില്ല. ജില്ലാ പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, 68 ഗ്രാമപഞ്ചായത്ത് ഓഫീസുകൾ എന്നിവയും അടഞ്ഞുകിടന്നു. കൊല്ലം കോർപ്പറേഷനിലെ 377 ജീവനക്കാരിൽ ഒരാൾ മാത്രമാണ് ജോലിക്ക് ഹാജരായത്. കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര, പരവൂർ നഗരസഭാ കാര്യാലയങ്ങൾ അടഞ്ഞുകിടന്നു. പി.എസ്.സി. ജില്ലാ, മേഖലാ ഓഫീസുകളിലെ 94 ജീവനക്കാരിൽ 2 പേർ മാത്രം ഹാജരായി. ജില്ലയിലെ രണ്ട് ഗവൺമെന്റ് കോളേജുകളും അടഞ്ഞുകിടന്നു. പണിമുടക്ക് വിജയിപ്പിച്ചതിൽ അഭിവാദ്യം ചെയ്ത് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ പണിമുടക്ക് കേന്ദ്രങ്ങളിലേക്ക് പ്രകടനം നടത്തി.
കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും പണിമുടക്ക് കേന്ദ്രമായ ചിന്നക്കടയിലേക്ക് പ്രകടനം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ. ഷാനവാസ് ഖാൻ, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി.കെ. ഹരികുമാർ, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളിയിലെ സമരകേന്ദ്രത്തിന് മുന്നിലേക്ക് നടന്ന പ്രകടനത്തിന് ശേഷം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, ജോയിന്റ് കൗൺസിൽ നേതാവ് എ.ആർ. അനീഷ് എന്നിവർ സംസാരിച്ചു. കൊട്ടാരക്കരയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ കുന്നത്തൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, കെ.എസ്.റ്റി.എ. ജില്ലാ വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ, കടയ്ക്കലിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.ആർ. സോണി, കെ.എസ്.റ്റി.എ. സംസ്ഥാന കൗൺസിൽ അംഗം ശ്യാം എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പണിമുടക്ക് വൻ വിജയമാക്കിയ ജീവനക്കാരെയും അദ്ധ്യാപകരെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടനും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസിമിതി ജില്ലാ കൺവീനർ ആർ. രാജീവ് കുമാറും അഭിവാദ്യം ചെയ്തു.