കരിനിയമങ്ങളും ഭീഷണിയും തള്ളിക്കളഞ്ഞ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും, പണിമുടക്ക് രണ്ടാം ദിനവും സമ്പൂർണ്ണം
സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരെയുള്ള കരിനിയമങ്ങളും ഭീഷണിയും തള്ളിക്കളഞ്ഞ് ജില്ലയിൽ 90 ശതമാനത്തിലധികം ജീവനക്കാരും അദ്ധ്യാപകരും രണ്ടാം ദിനവും പണിമുടക്കി. ആദ്യ ദിവസത്തെ പോലെ തന്നെ ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. കൊല്ലം സിവിൽ സ്റ്റേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ട്രഷറി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസ്, സഹകരണ വകുപ്പ് ഓഫീസുകൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് റവന്യൂ ഡിവിഷണൽ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ആർ.റ്റി.ഒ. ഓഫീസ്, ദേശീയ പാതാ വികസന ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് തുടങ്ങിയ ഓഫീസുകൾ പൂട്ടിയ നിലയായിരുന്നു. ജില്ലാ കളക്ടറേറ്റിൽ ആകെ 235 ജീവനക്കാരുള്ളതിൽ അടിയന്തിരഘട്ട ദുരന്ത നിവാരണ വിഭാഗത്തിലെ 3 ജീവനക്കാർ മാത്രമാണ് ജോലിക്ക് ഹാജരായത്. ആദ്യ ദിവസത്തെ പോലെ കൊല്ലം കോർപ്പറേഷനിലെ 377 ജീവനക്കാരിൽ ഒരാൾ മാത്രമാണ് ജോലിക്ക് ഹാജരായത്. കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര, പരവൂർ എന്നീ നഗരസഭാ കാര്യാലയങ്ങളും ജില്ലാ പഞ്ചായത്ത് കാര്യാലയവും 68 ഗ്രാമപഞ്ചായത്ത് ഓഫീസുകളും അടഞ്ഞുകിടന്നു. പി.എസ്.സി. ജില്ലാ, മേഖലാ ഓഫീസുകളിലെ ആകെ 94 ജീവനക്കാരിൽ 91 പേരും പണിമുടക്കി.
രണ്ടാം ദിനം ജില്ലയിലെ 1422 സർക്കാർ ഓഫീസുകളിൽ 1145 എണ്ണവും പൂർണ്ണമായും അടഞ്ഞുകിടന്നു. 13871 സർക്കാർ ജീവനക്കാരിൽ 12404 പേരും പണിമുടക്കി. പണിമുടക്കിന് ഐക്യദാർഡ്യം അർപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ പണിമുടക്ക് കേന്ദ്രങ്ങളിലേക്ക് പ്രകടനം നടത്തി. കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും പണിമുടക്ക് കേന്ദ്രമായ ചിന്നക്കടയിലേക്ക് നടത്തിയ പ്രകടനത്തിന് എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സബിത, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ ആർ. രാജീവ് കുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ്, കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. കെ.ജി. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
ജില്ലയിലെ വിവിധ പണിമുടക്ക് സമരകേന്ദ്രങ്ങളിലേക്ക് നടന്ന പ്രകടനങ്ങളിൽ കുന്നത്തൂരിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടൻ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി. ജയ, എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, കെ.എസ്.റ്റി.എ. സംസ്ഥാന കമ്മിറ്റി അംഗം ആർ. ബി. ഷൈലേഷ് കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എ.ആർ. അനീഷ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത് എന്നിവരും, കൊട്ടാരക്കരയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ. കൃഷ്ണകുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ, എ.കെ.എസ്.റ്റി.യു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എസ്. ഷിജുകുമാർ, കടയ്ക്കലിൽ കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.ആർ. സോണി, പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. അനി, കെ.എസ്.റ്റി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. അശോകൻ, പത്തനാപുരത്ത് എൻ.ജി.ഒ. യൂണിയൻ പത്തനാപുരം ഏരിയാസെക്രട്ടറി റ്റി.എം. മുഹമ്മദ് ഇസ്മയിൽ, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.ബി. അനു, കെ.എസ്.റ്റി.എ. ജില്ലാ എക്സിക്യുട്ടീവ് അംഗം അർച്ചനാദേവി എന്നിവർ നേതൃത്വം നൽകി.
എല്ലാ കരിനിയമങ്ങളെയും അവഗണിച്ച് ദ്വിദിന പണിമുടക്ക് സമ്പൂർണ്ണമാക്കിയ മുഴുവൻ ജീവനക്കാരെയും അദ്ധ്യാപകരെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടനും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസിമിതി ജില്ലാ കൺവീനർ ആർ. രാജീവ് കുമാറും അഭിവാദ്യം ചെയ്തു.