ജാതിരഹിത സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുക
നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ.യൂണിയനും, പാലക്കാട് ഫോർട്ട് കലാവേദിയും, സംയുക്തമായി സംഘടിപ്പിച്ച സെമിനാർ പാലക്കാട് ടൗൺ ഹാളിൽ കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ഗുരു ദർശനങ്ങൾ പ്രസക്തമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മത നിരപേക്ഷതയുടെ മുദ്രാവാക്യമാണ് ഇന്ന് നാം ഏറ്റെടുക്കേണ്ട പ്രധാന മുദ്രാവാക്യം. അടിച്ചമർത്തപ്പെട്ട മനുഷ്യന് ആശ്വാസം പകരാൻ വേണ്ടി രൂപമെടുത്തവയാണ് മതങ്ങൾ എന്ന് മാർക്സ് ദർശിച്ചു. എല്ലാ സംഘടിത മതങ്ങളും ഇത്തരത്തിൽ രൂപപ്പെട്ടതാണ്. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം, വേദനയെ താൽകാലികമായി ശമിപ്പിക്കുന്ന വേദനസംഹാരിയാണ് മതം എന്ന അർത്ഥത്തിൽ ” മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ലോകത്ത് വേദനയില്ലാത്ത സാഹചര്യം എന്നുണ്ടാകുന്നോ അന്ന് മതങ്ങൾ അപ്രസക്തമാകും എന്നാണ് മാർക്സിയൻ വീക്ഷണം.
ഫ്യുഡൽ സാമൂഹ്യ ക്രമത്തിൽ രൂപമെടുത്ത ജാതി വ്യവസ്ഥ കാലഹരണപ്പെടേണ്ടതാണ്. ജാതിരഹിത സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച മഹാ വ്യക്തിത്വമായിരുന്നു ശ്രീനാരായണഗുരു.
ഡോ.മ്യുസ് മേരി ജോർജ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എൻ.ജി. ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.യുണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, സംസ്ഥാന കമ്മറ്റി അംഗം പി.സരള എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.സാജൻ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദീപ നന്ദിയും പറഞ്ഞു.