കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ-തൊഴിലാളി-കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം 2020 നവംബര്‍ 26 ന് പണിമുടക്കുകയാണ്. കോവിഡിനെ മറയാക്കി എല്ലാ ജനാധിപത്യമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് കര്‍ഷകദ്രോഹ നിയമവും തൊഴിലാളിവിരുദ്ധ ലേബര്‍കോഡും പാസാക്കിയെടുത്തത്. തൊഴിലാളികളെ കൂലി അടിമകളാക്കി കോര്‍പ്പറേറ്റ് ചൂഷണത്തിന് ഒത്താശചെയ്തുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം തീവ്ര വേഗതയിലാക്കിയിരിക്കുന്നു. കേന്ദ്രസര്‍വീസില്‍ നിയമനനിരോധനവും തസ്തികവെട്ടിക്കുറയ്ക്കലും വ്യാപകമാക്കി. 8 ലക്ഷത്തിലധികം ഒഴിവുകള്‍ നികത്താന്‍ നടപടിയില്ല. 50 വയസ്സ് കഴിഞ്ഞ ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ക്കും രൂപം നല്‍കിയിരിക്കുകയാണ്. സിവില്‍സര്‍വീസിന്‍റെ ഏറ്റവും ആകര്‍ഷണീയമായ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരിച്ചതിനെതിരെ നിരന്തര പ്രക്ഷോഭമാണ് രാജ്യത്തെമ്പാടും നടക്കുന്നത്.

രാജ്യത്തെ സര്‍വ ജനവിഭാഗങ്ങളെയും ദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗത്തോടൊപ്പം ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പണിമുടക്ക് സര്‍വീസ് മേഖലയില്‍ സമ്പൂര്‍ണമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സും അദ്ധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയും സംയുക്തമായി ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ 2020 ഒക്ടോബര്‍ 23 ന് വെര്‍ച്വലായി സിഐടിയു ജനറല്‍ സെക്രട്ടറി സ. എളമരം കരീം എം.പി. ഉദ്ഘാടനം നടത്തി സംസാരിച്ചു . എ.ഐ.ടി.യു.സി. ജനറല്‍സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ അഭിവാദ്യം ചെയ്തു.