കേരള എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ പ്രോഗ്രസ്റ്റീവ് ആർട്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ കലാജാഥ ‘നാം ഇന്ത്യയിലെ ജനങ്ങൾ’ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് പര്യടനം ആരംഭിച്ചു. കേന്ദ്രസർക്കാരിൻ്റെ വർഗീയ പ്രീണന നയങ്ങളും ജനവിരുദ്ധ നായങ്ങളും കലാജാഥയിൽ തുറന്നു കാട്ടും. ആനുകാലിക സംഭവവികാസങ്ങൾ വിഷയമാക്കിക്കൊണ്ടുള്ള തെരുവുനാടകം, സംഗീതശില്പം, പാട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള പരിപാടികളാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 26 മുതൽ 28 വരെ ജില്ലയിലുടനീളം പര്യടനം നടത്തും. കലാജാഥയുടെ ഉദ്ഘാടനം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല നിർവ്വഹിച്ചു.എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ജി.ബിനുകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.സുരേഷ് കുമാർ,ജില്ലാ സെക്രട്ടറി ആർ.പ്രവീൺ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യു എം.അലക്സ്, എസ്.ലക്ഷ്മീദേവി,, പ്രോഗ്രസീവ് ആർട്സ് കൺവീനർ കെ.രവിചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫെബ്രുവരി 26 ന് രാവിലെ 9 മണിക്ക് പുല്ലാട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന കലാജാഥ 11 മണിക്ക് തിരുവല്ല റവന്യൂ ടവർ, 3ന് മല്ലപ്പള്ളി, 5ന് വെണ്ണിക്കുളം എന്നിവിടങ്ങളിൽ പര്യടനം നടത്തും. 27ന് രാവിലെ 9ന് അടൂർ ജനറൽ ആശുപത്രിക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന കലാജാഥ 11 മണിക്ക് പന്തളം സ്വകാര്യ ബസ്റ്റാൻ്റ്, 3ന് കോഴഞ്ചേരി, 5ന് ഇലവുംതിട്ട എന്നിവിടങ്ങളിൽ പര്യടനം നടത്തും. 28ന് രാവിലെ 9 മണിക്ക് റാന്നി ഇട്ടിയപ്പാറ നിന്നാരംഭിക്കുന്ന കലാജാഥ 11 മണിക്ക് കോന്നി, 3ന് പൂങ്കാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി 5 മണിക്ക് കൊടുമണ്ണിൽ സമാപിക്കും. പ്രോഗ്രസീവ് ആർട്സിലെ കലാകാരന്മാരാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്.