പത്തനംതിട്ട:കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലയുടെ കലാകായിക സമിതിയായ പ്രോഗ്രസീവ് ആർട്ട്സിൻ്റെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 25 മുതൽ 28 വരെയുള്ള തീയതികളിൽ നാം ഇന്ത്യയിലെ ജനങ്ങൾ എന്ന കലാജാഥ നടത്തി. ഭരണഘടനാ മൂല്യങ്ങളും സ്ഥിതി സമത്വവും മതനിരപേക്ഷ ചിന്തകളും തച്ചുതകർക്കുന്ന വർത്തമാനകാല ഇന്ത്യയിൽ ചോദ്യങ്ങൾ ഉയർത്തി ജനങ്ങളുമായി സംവദിച്ചു കൊണ്ടാണ് കലാ ജാഥ നടത്തിയത്. അക്രമത്തിനും അനീതിക്കുമെതിരേ ശബ്ദിക്കുന്നവരേ അടിച്ചമർത്തുന്ന ഈ കാലഘട്ടത്തിൽ വർഗീയതയെ മറയാക്കി ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിട്ട് അധികാരം ഉറപ്പിക്കുന്നതിനെതിരേയുള്ള ശക്തമായ താക്കീതായിരുന്നു കലാജാഥ.ജാഥയിൽ പങ്കെടുത്ത കലാകാരന്മാരെ പ്രോഗ്രസീവ് ആർട്സിൻ്റെ നേതൃത്വത്തിൽ, പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കുടുംബശ്രീ മുദ്രാഗീതം രചയിതാവും കവിയുമായ ശ്രീകല ദേവയാനം കലാകാരന്മാരെ ആദരിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി ആർ പ്രവീൺ, കലാസമിതി കൺവീനർ കെ. രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.