സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ നിശ്ചിയിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും റവന്യൂ വകുപ്പില്‍ പൊതുസ്ഥലംമാറ്റം നടപ്പില്‍ വരുത്തുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. യൂണിയന്‍റെ നിരന്തരമായ ആവശ്യത്തെതുടര്‍ന്ന് 26.08.2020 ല്‍ ആണ് വകുപ്പ് തല മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായത്. വകുപ്പിലെ തഹസീല്‍ദാര്‍ വരെയുള്ള ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിനായി ഓണ്‍ലൈന്‍ മുഖേനെ (HRMS) അപേക്ഷ ക്ഷണിച്ച് 2021 ജൂണില്‍ കരട് പ്രസിദ്ധീകരിച്ചെങ്കിലും അന്തിമ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടില്ല.  മാത്രമല്ല നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രേരണയാല്‍  പൊതുസ്ഥലംമാറ്റ മാനദണ്ഡ വിരുദ്ധമായി ഉത്തരവിറക്കി. മാനദണ്ഡ വിരുദ്ധമായി ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിക്കുകയും  പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ പ്രകാരം തയ്യാറാക്കിയ കരട് ലിസ്റ്റ് അടിസ്ഥാനമാക്കി പൊതുസ്ഥലംമാറ്റം നടപ്പിലാക്കുന്നതിന് തടസ്സമില്ലായെന്ന് കോടതി വൃക്തമാക്കുകയും ചെയ്തു. വര്‍ഷങ്ങളായി മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇത്തരം നടപടികള്‍ കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചിര്ക്കുകയാണ്.  കൂടാതെ കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ട പല ജീവനക്കാരും വിരമിക്കുകയോ സ്ഥാനക്കയറ്റം ലഭിക്കുകയോ ചെയ്തിട്ടുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ/താലൂക്ക് കേന്ദ്രങ്ങളില്‍  എൻ.ജി.ഒ.യൂണിയൻ പ്രകടനം നടത്തി.പത്തനംതിട്ട കളക്ട്രേറ്റിനു മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം  സി.വി.സുരേഷ് കുമാര്‍   ഉദ്ഘാടനം ചെയ്തു.   എസ്. ലക്ഷ്മീദേവി, വി.പി.തനൂജ,  വി.ഷാജു,  ടി.ആർ.ബിജുരാജ്, എന്നിവർ സംസാരിച്ചു.