Kerala NGO Union

നൂറ്റാണ്ട കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട് അതിജീവനത്തിന്‍റെ പുതിയ കേരള മാതൃക സൃഷ്ടിച്ചിരിക്കുന്നു. 2018 ആഗസ്റ്റ് 9 മുതല്‍ 12 ദിനരാത്രങ്ങള്‍ കേരളം അതുവരെ കണ്ടിട്ടില്ലാത്ത മഹാപ്രളയത്തിന്‍റെ പിടിയിലായിരുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ പൂര്‍ണമായും തിട്ടപ്പെടുത്തുക അസാധ്യം. 55 ലക്ഷം  ജനങ്ങളുടെ ജീവിത്തെ സാരമായി ബാധിച്ചു. 500-ഓളം മനുഷ്യജീവിതങ്ങള്‍ പൊലിഞ്ഞുപോയി. 15 ലക്ഷത്തിലധികം മനുഷ്യര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കേരളമാകെത്തന്നെ ദുരിതാശ്വാസക്യാമ്പുകളായി മാറിയ ദിനങ്ങള്‍….. 57,000 ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു. ഭൂമിയും വീടും അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നുപോയി. ജീവനും ജീവനോപാധിയും നഷ്ടപ്പെട്ട പതിനായിരങ്ങള്‍.. സംസ്ഥാനത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും അനിവാര്യമായ നഷ്ടമാണ് പ്രളയമുണ്ടാക്കിയത്.
പക്ഷേ, സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്ത് കേരള സര്‍ക്കാര്‍ കേരളജനതയെ ചേര്‍ത്തുപിടിച്ചു. ജില്ലാവകുപ്പുകളെയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകര്‍ന്നു. കേന്ദ്രസേനയും പോലീസ് – ഫയര്‍ഫോഴ്സും സംവിധാനവുമെല്ലാം രക്ഷാദൗത്യമേറ്റെടുത്തു. സ്വജീവന്‍പോലും തൃണവല്‍ഗണിച്ച് കേരളത്തിന്‍റെ സ്വന്തം സൈന്യമായ മത്സ്യ തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍നങ്ങള്‍ക്ക് താരതമ്യമില്ല.  മാനവികതയുടെയും സാഹോദര്യത്തിന്‍റെയും മഹനീയ മാതൃക തീര്‍ത്ത കേരളം പ്രളയക്കയത്തിലാണ്ടു പോയ കേരളത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ വിജയപഥത്തിലെത്തിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും ഈ ബൃഹത്യജ്ഞത്തില്‍ പങ്കാളികളായി.
എന്‍ജിഒ യൂണിയന്‍ 15 ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളൊരുക്കാനും ഭക്ഷണവും വസ്ത്രവുമെത്തിക്കാനും മരുന്നുകളും സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുവാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ രാപകലില്ലാതെ ഇടപെടുകയുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകളും മരുന്നുവിതരണം നടത്തി.
പ്രളയത്തിന്‍റെ കാഠിന്യം കുറഞ്ഞ് തിരിച്ചു പോകുന്നവരുടെ വീടുകള്‍ ശുചീകരിക്കാനും ഗൃഹോപകരണങ്ങള്‍ വാങ്ങിനല്‍കാനും കുടിവെള്ളമെത്തിക്കാനുമെല്ലാം സംഘടനാ പ്രവര്‍ത്തനകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സംഘടനയുടെ 10,000 ലധികം പ്രവര്‍ത്തകരാണ് വാളണ്ടിയറായി ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കര്‍മ്മനിരതരായത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരില്‍ നിന്നും ഫണ്ട് ശേഖരിക്കാന്‍ യൂണിയന്‍ സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്യുകയുണ്ടായി. ഇതിന്‍റെ ഭാഗമായി ലഭിച്ച 38,45,000 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
സാലറി ചലഞ്ച്
പ്രളയം തകര്‍ന്ന കേരളത്തെ പുന:സൃഷ്ടിക്കാന്‍ 51,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. കേന്ദ്ര ദുരന്തനിവാരണ സമിതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായ തുകപോലും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി ഡോളറും വാങ്ങാന്‍പോലും കേന്ദ്രം അനുവദിച്ചില്ല. പക്ഷേ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനക്ക് നല്ല പ്രതികരണമാണുണ്ടായത്. സെപ്റ്റംബര്‍ 4 ന് ബഹു.ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഒരു മാസശമ്പളം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും പൂര്‍ണ സഹകരണം ഉറപ്പുനല്‍കി.  എന്നാല്‍ സെറ്റോ-ഫെസ്റ്റോ സംഘടനകള്‍ ഇതിനെ നിര്‍ബന്ധിത പിരിവെന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. സാലറിചാലഞ്ചിനെതിരെ കോടതിയില്‍ പോയ എന്‍ജിഒ സംഘത്തിന്‍റെ ശ്രമം പരാജയപ്പെട്ടു. രാഷ്ട്രീയ സങ്കുചിതത്വം കൊണ്ട് സാലറി ചലഞ്ചിനെതിരെ പ്രചാരണം നടത്തിയ സെറ്റോ സംഘടനകളും ഫലം കണ്ടില്ല. ബഹുഭൂരിപക്ഷം ജീവനക്കാരും  സാലറി ചലഞ്ചില്‍ പങ്കാളികളായി. സംസ്ഥാന സര്‍വ്വീസില്‍ എക്കാലവും ചരിത്രരേഖയായി നിലനില്‍ക്കുന്ന അഭിമാനകരമായ സാലറിചലഞ്ച് വിജയിപ്പിച്ച എല്ലാ ജീവനക്കാരെയും എന്‍ജിഒ യൂണിയന്‍റെ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *