തൊടുപുഴ: മോട്ടോർ വാഹനവകുപ്പിലെ ജോയിന്റ് ആർടിഒ തസ്തികയിലേക്കുള്ള മിനിസ്റ്റീരിയൽ ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രമോഷൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  ജില്ലയിലെ ആർടി ഓഫീസുകളിൽ മുന്നിൽ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി.
         വകുപ്പിൽ നിലനിന്നിരുന്ന സ്പെഷ്യൽ റൂൾ പ്രകാരം വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് 2:1 അനുപാതത്തിൽ ജോയിന്റ് ആർടിഒ തസ്തികയിലേക്ക് പ്രമോഷൻ ലഭ്യമായിരുന്നു. എക്സിക്യൂട്ടീവ് വിഭാഗത്തിലെയും മിനിസ്റ്റീരിയൽ
വിഭാഗത്തിലെയും ചുമതലകളും സ്ഥാനക്കയറ്റങ്ങളും സംബന്ധിച്ച് കൃത്യമായി നിശ്ചയിച്ചിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ പരാമർശങ്ങളുടെ ചുവടുപിടിച്ച് നിലനിന്നിരുന്ന വ്യവസ്ഥകളെ അട്ടിമറിച്ച പ്രമോഷൻ തീരുമാനം പുന:പരിശോധിക്കണമെന്നും കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പ്രതിലോമകരമായ തീരുമാനങ്ങളും നിർദേശങ്ങളും  പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്.
       തൊടുപുഴ ആർടിഒ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് നീനാ ഭാസ്കരൻ,ജില്ലാ കമ്മിറ്റി അംഗം ബി പ്രകാശ് എന്നിവർ സംസാരിച്ചു.
        ഇടുക്കി ആർടിഒ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ ജോ.സെക്രട്ടറി വി എസ് സുനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് ജാഫർഖാൻ, അനീഷ് എസ് എൻ ആഷ് എന്നിവർ പ്രസംഗിച്ചു.
         പീരുമേട് ആർടിഒ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി എൻ ബിജു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജീവ് ജോൺ പ്രസംഗിച്ചു.