സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങൾ പാലിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും പൊതുസ്ഥലം മാറ്റം നടപ്പിൽ വരുത്തുന്നതിന് ഇനിയും കഴിയാത്ത സാഹചര്യമാണ് റവന്യൂ വകുപ്പിൽ നിലനിൽക്കുന്നത്. നിരന്തരമായ ആവശ്യത്തെ തുടർന്ന് സംഘടനകളുമായി ചർച്ച നടത്തി 2020 ലാണ് വകുപ്പ് തല മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവിറക്കാൻ റവന്യൂ വകുപ്പ് തയ്യാറായത്. തുടർന്ന് വകുപ്പിലെ സീനിയർ ക്ലർക്ക് മുതൽ തഹസിൽദാർ വരെയുള്ള തസ്തികകളിൽ പൊതുസ്ഥലം മാറ്റം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുകയും കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. കരട് പ്രസിദ്ധീകരിച്ച് എട്ട് മാസമായിട്ടും അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് പൊതുസ്ഥലം മാറ്റം നടക്കാത്തതിൽ ജീവനക്കാർ പ്രയാസമനുഭവിക്കുന്നു.
ഈ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് അടിയന്തരമായി പൊതുസ്ഥലം മാറ്റം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി സത്യൻ, പി പി സന്തോഷ്, സിന്ധു രാജൻ, ജില്ലാ പ്രസിഡന്റ് ഹംസ കണ്ണാട്ടിൽ, ട്രഷറർ വി സാഹിർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ രാജേഷ് എന്നിവർ പങ്കെടുത്തു.
കൊയിലാണ്ടി താലൂക്ക് ഓഫീസിൽ നടന്ന പ്രകടനത്തിൽ ജില്ലാ ജോ. സെക്രട്ടറി പി സി ഷജീഷ്കുമാർ, ജിതേഷ് ശ്രീധർ, ക്രിസ്റ്റിദാസ് വടകര താലൂക്ക് ഓഫീസിൽ ജില്ലാ സെക്രട്ടറി കെ പി രാജേഷ്, ടി വി അനീഷ്, സജിത്ത്കുമാർ, താമരശ്ശേരി താലൂക്ക് ഓഫീസിൽ ജില്ലാ ജോ. സെക്രട്ടറി അനൂപ് തോമസ്, എൻ ലിനീഷ് എന്നിവരും പങ്കെടുത്തു.