റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം ഉടൻ നടപ്പിലാക്കുക – എൻ.ജി.ഒ. യൂണിയൻ കൂട്ടധർണ്ണ നടത്തി
റവന്യൂ വകുപ്പിലെ വിവിധ തസ്തികകളിലെ പൊതുസ്ഥലംമാറ്റം ഉടനടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ചുവർഷം പിന്നിടുമ്പോഴും റവന്യൂ വകുപ്പിൽ പൊതുസ്ഥലംമാറ്റം നടപ്പിൽ വരുത്തുന്നതിന് വകുപ്പ് അധികൃതർ ഇനിയും തയ്യാറായിട്ടില്ല. വകുപ്പിലെ സീനിയർ ക്ലർക്ക് മുതൽ തഹസീൽദാർ വരെയുള്ള തസ്തികകളിലെ പൊതുസ്ഥലംമാറ്റത്തിനായി ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ച് 2020 ജൂണിൽ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കാതെ സ്ഥാപിത താൽപര്യ സംരക്ഷണാർത്ഥം പൊതുസ്ഥലംമാറ്റ ഉത്തരവിന് വിരുദ്ധമായി റവന്യൂ വകുപ്പ് നിശ്ചയിച്ച മാനദണ്ഡങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. എന്നാൽ രണ്ട് വർഷം മുമ്പ് പുറപ്പെടുവിച്ച കരട് പട്ടിക പ്രകാരം സ്ഥലംമാറ്റം നടത്തുന്നതിന് തടസ്സമില്ലാഞ്ഞിട്ടും അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ വകുപ്പധികൃതർ തയ്യാറാകുന്നില്ല. ഇത് വർഷങ്ങളായി മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്ന നൂറു കണക്കിന് ജീവനക്കാർക്ക് അർഹതപ്പെട്ട സ്ഥലംമാറ്റം നിഷേധിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ സംഘടിപ്പിച്ച ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ നന്ദിയും പറഞ്ഞു. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, ആർ. രതീഷ് കുമാർ, എം.എം. നിസ്സാമുദ്ദീൻ, ഖുശീ ഗോപിനാഥ്, എസ്. ഷാഹിർ, സൂസൻ തോമസ് എന്നിവർ സംസാരിച്ചു.