റെഡ് ബുക്ക് ദിനാചരണം പ്രഭാഷണവും അനുമോദനവും സംഘടിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണത്തിന്റെ 175-ാം വാഷികത്തോടനുബന്ധിച്ചുള്ള റെഡ് ബുക്ക് ദിനാചരണത്തിന്റെ ഭാഗമായി ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ – പെണ്ണിടം, മതം, മാർക്സിസം’ എന്ന വിഷയത്തിൽ എൻ.ജി.ഒ. യൂണിയൻ കലാ കായിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ ഗോപൻ പ്രഭാഷണം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഓമനക്കുട്ടൻ, സി. ഗാഥ, ബി. ജയ എന്നിവർ സംസാരിച്ചു.
‘സാമൂഹിക നിലപാടുകളും ആരോഗ്യ സംരക്ഷണ സംസ്കാരവും’ എന്ന വിഷയത്തിൽ കണ്ണൂരിലെ മുസ്ലീം സമൂഹത്തെക്കുറിച്ചുള്ള പഠന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജെ. സിസീനയെ യൂണിയൻ നേതൃത്വത്തിൽ അനുമോദിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉപഹാര സമർപ്പണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജ്വാല കലാ കായിക സമിതി കൺവീനർ ആർ. രതീഷ് കുമാർ നന്ദിയും പറഞ്ഞു.