ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രതിരോധ ശൃംഖല തീര്‍ത്തു. സമൂഹത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുന്ന തരത്തില്‍ ലഹരി മാഫിയ പടര്‍ന്നു പിടിക്കുകയാണ്. മുമ്പില്ലാത്ത വിധം പുതുതലമുറ ലഹരി പദാര്‍ത്ഥങ്ങള്‍ സംസ്ഥാനത്തിനകത്ത് ഭയാനകമാംവിധം പ്രചരിക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പോലും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. ദിനംപ്രതി മയക്കുമരുന്ന് പിടികൂടുന്ന വാര്‍ത്തകള്‍ വരുന്നു. നിയമങ്ങള്‍ കൊണ്ടു മാത്രം ഈ വിപത്തിനെ നേരിടാന്‍ കഴിയില്ല. ജനകീയമായ ജാഗ്രതയും ഇടപെടലും ആവശ്യമാണ്. അതിന് വലിയ തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രതിരോധ ശൃംഖലയും ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചത്. പ്രതിരോധ ശൃംഖലയില്‍ എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനു ശേഷം നടന്ന ലഹരിവിരുദ്ധ സദസ്സ് മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ.സഹദേവന് ഉദ്ഘാടനം ചെയതു. എ.ഡി.എം. എന്‍.എം.മെഹറലി ലഹരിവിരുദ്ധ സന്ദേശം നല്കി.. കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്.കെ.ബിനു, എന്‍.ജി.ഒ.യൂണിയന് ജില്ലാ പ്രസിഡന്റ് വി.കെ.രാജേഷ്, കെ.ജി.എന്‍.എ.സംസ്ഥാന പ്രസിഡന്റ് സി.ടി.നുസൈബ, കെ.ജി.ഒ.എ.ജില്ലാ കമ്മിറ്റിയംഗം സുനിത എസ്.വര്‍മ്മ, പി.എസ്.സി.എംപ്ലോയീസ് യൂണിയന് ജില്ലാ സെക്രട്ടറി മനേഷ് എന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു