ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് സമ്പൂര്‍ണ്ണ ഭവനപദ്ധതിയുടെ ഭാഗമായി കേരള എന്‍.ജി.ഒ. യൂണിയന് നിര്‍മ്മിച്ച ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം 2020 സെപ്റ്റംബര്‍ 7 ന് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. 1962-ല്‍ സംഘടന രൂപീകരിച്ചതിന് ശേഷം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സാമൂഹിക സേവന പദ്ധതിയാണിത്. 1.26 കോടി രൂപയാണ് ഇതിനായി സംഘടന ചെലവഴിച്ചത്.
നവകേരള മിഷന്റെ ഭാഗമായി കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച സ്വപ്ന പദ്ധതിയാണ് ഭവനരഹിതര്‍ക്ക് സുരക്ഷിത ഭവനവും ജീവിതോപാധിയും ഉറപ്പുവരുത്തുന്ന ലൈഫ് ഭവനപദ്ധതി. കേരളത്തില്‍ ഭവനരഹിതരായി ഒരാള്‍പോലും അവശേഷിക്കരുതെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയ ഭവനപദ്ധതികളുടെ പോരായ്മകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ലൈഫ് പദ്ധതിക്ക് രൂപം നല്‍കിയത്. ഈ പദ്ധതി പൂര്‍ണ്ണമായും ലക്ഷ്യം കാണുമെന്ന് പറയാനും സര്‍ക്കാരിന് കഴിയുന്നത് അതുകൊണ്ടുതന്നെയാണ്.
ഈ മാതൃകാപദ്ധതിക്ക് ഭൂമി നല്‍കാനും സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ വീട് നിര്‍മ്മിച്ച് നല്‍കാനും ധാരാളം വ്യക്തികളും സംഘടനകളും തയ്യാറായി എന്നത് അഭിമാനകരമാണ്. ഇതിനകം 224286 വീടുകള്‍ പൂര്‍ത്തിയാക്കി ഭവനരഹിതര്‍ക്ക് നല്കി. 10 ലക്ഷം ആളുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. മൂന്നാംഘട്ടമായി ഒരുലക്ഷം വീടുകളുടെ പണി പൂര്‍ത്തിയായി വരുന്നു.