ലോകം വിരല്‍ത്തുമ്പിലുള്ള പുതു തലമുറയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ജീവനക്കാര്‍ സ്മാര്‍ട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മ്മിതിയും സിവില്‍ സര്‍വ്വീസും എന്ന വിഷയത്തില്‍ കേരള എന്‍.ജി.ഒ. യൂണിയന്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് യജമാനന്മാര്‍ എന്ന ബോധത്തോടെ ജനാഭിലാഷം നിറവേറ്റാന്‍ നാടിന്റെ മുന്നോട്ടുപോക്കിന് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഒന്നിച്ചു നീങ്ങണം.
സര്‍ക്കാരാഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് മികച്ച സൗഹാര്‍ദ്ദപരമായ സേവനം ലഭിക്കണം. അതിന് കഴിയുവിധം ഓഫീസ് അന്തരീക്ഷം മെച്ചപ്പെടണം. എല്ലാ ഓഫീസുകളിലും ഫ്രണ്ടോഫീസ് സംവിധാനം ഏര്‍പ്പെടുത്തണം. ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജരും കൃത്യതയും ഉറപ്പുവരുത്താനാകണം. ഫയല്‍ നീക്കത്തിന് ശാസ്ത്രീയ സമീപനം സ്വീകരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരും. ഓരോ ഫയലും കയ്യില്‍ വയ്ക്കാവുന്ന കാലയളവ് കുറയ്ക്കും തട്ടുകള്‍ ലഘൂകരിക്കും. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പാക്കാന്‍ പ്രത്യേക സംവിധാനം രൂപീകരിക്കുകയും സേവനം മെച്ചപ്പെടുത്തുന്നതിനായി ആധുനിക വിവരസാങ്കേതിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. കെഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ മുഴുവന്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സ്ഥിതി കേരളത്തിലുള്ളതിനാലാണ് പല മേഖലകളിലും നമുക്ക് മുന്നേറാനായതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ഐ.എ.എസ്. അഭിപ്രായപ്പെട്ടു. സുസ്ഥിര വികസന രംഗത്ത് ഇന്ത്യയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കേരളത്തിനായെങ്കിലും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് രംഗത്ത് കേരളത്തിന്റെ റാങ്ക് വളരെ പിന്നിലാണ്. ഇത് മാറ്റിയെടുക്കാന്‍ സിവില്‍ സര്‍വ്വീസ് ബോധപൂര്‍വ്വം പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്ജ്, കേരള എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി ഡോ.എസ്.ആര്‍.മോഹനചന്ദ്രന്‍ എന്നിവര്‍ പ്രതികരണം നടത്തി. സിവില്‍ സര്‍വ്വീസിനെ കൂടുതല്‍ കാര്യക്ഷമവും ജനോപകാരപ്രദവുമാക്കുന്നതിന് മുഴുവന്‍ ജീവനക്കാരും തയ്യാറാകണമെന്ന് വെബിനാര്‍ ആഹ്വാനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ച വെബിനാറില്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍ സ്വാഗതവും, ട്രഷറര്‍ എന്‍. നിമല്‍രാജ് നന്ദിയും രേഖപ്പെടുത്തി.