വേനൽചൂടിന് ആശ്വാസമായി തണ്ണീർപന്തൽ
കുംഭ മീന മാസത്തിലെ കനത്ത വേനൽചൂടിൽ വലയുന്ന തലസ്ഥാന നിവാസികൾക്ക് ആശ്വാസമായി ദാഹജലം തണ്ണീർപന്തൽ വഴി നൽകി. തലസ്ഥാനത്തെ ഏറെ തിരക്കുള്ളതും ദീർഘദൂര ബസ്സുകൾക്ക് സ്റ്റോപ്പ് ഉള്ളതുമായ പിഎംജി യിലായിരുന്നു തണ്ണീർപ്പന്തൽ സ്ഥാപിച്ചിരുന്നത് . തണ്ണിമത്തനും സംഭാരവും ശുദ്ധജലവും എത്തുന്നവർക്ക് വിതരണം ചെയ്തു . വഴിയാത്രക്കാരും ബസ് കാത്തു നിൽക്കുന്നവരും ഓട്ടോറിക്ഷ തൊഴിലാളികളും ഉൾപ്പെടെ നിരവധി പേരാണ് തണ്ണീർ പന്തൽ ഉപയോഗപ്പെടുത്തിയത്. നിരവധി സാംസ്കാരിക നായകന്മാരും ജനപ്രതിനിധികളും തണ്ണീർപന്തൽ സന്ദർശിച്ചു . സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ തണ്ണീർ പന്തലിൽ എത്തി പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എംഎൽഎ മാരയായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻ ബാബു തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിലെ നിരവധി പ്രമുഖരും എത്തി അഭിവാദ്യം അർപ്പിച്ചു. സർക്കാർ സർവീസിലെ സേവനത്തോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന പ്രവർത്തനമാണ് എൻ.ജി ഒ യൂണിയൻ നടത്തുന്നതെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു .