വർഗീയതയെ ചെറുത്തു തോൽപ്പിക്കുക മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുക എ ഐ എസ് ജി ഇ എഫ് ഹിന്ദുത്വ വർഗീയതയുടെയും നവലിബറൽ മുതലാളിത്തത്തിന്റെയും വിഷക്കൂട്ടുകെട്ട് ഇന്ത്യൻ ജനാധിപത്യത്തിന് കടുത്ത ഭീഷണിയായി തീർന്നിരിക്കുകയാണെന്ന് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പത്ത് വർഷം പിന്നിടുന്ന ബിജെപി സർക്കാർ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള തീവ്രമായ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങൾ പിന്തുടരുന്ന ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ ജാതിയെയും മതത്തെയും ദുരുപയോഗപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ വർഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും തൊഴിലാളി വർഗ്ഗ ഐക്യം ഊട്ടിയുറപ്പിക്കാനും ഏവരും തയ്യാറാകണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു. 2023 ഡിസംബർ 28 29 30 തീയതികളിലായി കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ കൗൺസിൽ വികാസ് രഞ്ജൻ ഭട്ടാചാര്യ എംപി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ദേശീയ പ്രസിഡൻറ് സുഭാഷ് ലംബ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് ആന്റ് വർക്കേഴ്സ് പ്രസിഡൻറ് രൂപക്ക് സർക്കാർ, സുർജിത്ത് റായ്, സ്വാഗതസംഘം ചെയർമാൻ ഡോ. ഫൗദ് ഹലിം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. 27 സംഘടനകളെ പ്രതിനിധീകരിച്ച് 120 വനിതകൾ ഉൾപ്പെടെ 585 പ്രതിനിധികൾ പങ്കെടുക്കുന്ന ദേശീയ കൗൺസിൽ യോഗം ഡിസംബർ 30ന് പൊതുസമ്മേളനത്തോടെ സമാപിക്കും. ഡിവൈഎഫ്ഐ പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജിയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ദേശീയ ആസ്തികളുടെ സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുക,കരാർ -ദിവസക്കൂലി നിയമനങ്ങൾ അവസാനിപ്പിക്കുക ഒഴിവുകളിൽ സ്ഥിര നിയമനം നടത്തുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണം ചെറുക്കുക എന്നീ പ്രമേയങ്ങളും കൗൺസിൽ യോഗം അംഗീകരിച്ചു. കേരളത്തിൽ നിന്ന് എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ പ്രസിഡൻറ് എൻ ടി ശിവരാജൻ എന്നിവർ സംസാരിച്ചു.ആർ സാജൻ, സീമ എസ് നായർ , എം ഷാജഹാൻ, എ കെ ബീന, പുത്തനമ്പലം ശ്രീകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.