Kerala NGO Union

സംസ്ഥാന നാടക മത്സരം – അരങ്ങ് 2017
‘നിൽക്കാനൊരു തറ പിന്നിലൊരു മറ, എന്റെ മുന്നിൽ നിങ്ങൾ എന്റെ ഉള്ളിൽ നാടകവും’. ജീവിതവും നാടകവും തമ്മിൽ ഇഴപിരിച്ചെടുക്കാനാകാത്തൊരു ജൈവബന്ധം നിലനിന്നുപോന്ന ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതാണ് നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ഈ വാക്കുകൾ. അസമത്വങ്ങൾക്കും, അനീതികൾക്കുമെതിരെ കലഹിക്കുവാനും, സാമൂഹികമാറ്റത്തിന് ഗതിവേഗം പകരാനും ലോകമെങ്ങുമെന്നതുപോലെ മലയാള നാടകവേദിക്കും കഴിഞ്ഞു. സ്ത്രീസമൂഹത്തെ കൈപിടിച്ച് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആനയിക്കാനും മറക്കുടക്കുള്ളിലെ മഹാനരകങ്ങൾ തകർത്തെറിയാനും നാടകങ്ങൾ വഴിമരുന്നിട്ടു. കർട്ടൻ വീഴുന്നതോടെ കളിയരങ്ങിന്റെ പരിമിതവൃത്തത്തിൽ ഒടുങ്ങുകയല്ല പ്രേക്ഷകമനസ്സിൽ പുതിയൊരു സാമൂഹിക വിപ്ലവത്തിന് നാടകം തിരികൊളുത്തുകയാണെന്ന് തെളിയിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി പോലെ എത്രയെത്ര നാടകങ്ങൾ അമച്വറെന്നോ, പ്രൊഫഷണലെന്നോ പാഠഭേദമില്ലാതെ കർട്ടനുയരുന്നതും നോക്കി നാടൊന്നായി കാത്തിരുന്ന നാടകത്തിന്റെ വസന്തകാലം.

ഗ്ലോബലൈസേഷന്റെ, റോബോട്ടൈസേഷന്റെ വർത്തമാനകാലത്തേക്കുള്ള കുതിച്ചുചാട്ടത്തിൽ ജീവിതത്തോടൊപ്പം നാടകവും മലയാളിയിൽനിന്ന് വഴുതിപ്പോയെന്ന് പറഞ്ഞാൽ അധികപ്പറ്റല്ല. നാടകം മരിച്ചെന്നും ഇല്ലെന്നും ചർച്ചകൾ. അവിടിവിടെയായി അവശേഷിക്കുന്ന പച്ചപ്പുകൾ, ഒറ്റപ്പെട്ട പരീക്ഷണങ്ങൾ. നാടകത്തിന് പ്രേക്ഷകരില്ലെന്നും അവരെല്ലാം സിനിമക്ക് പിന്നാലെയെന്നും പരിഭവപ്പരാതികൾ. ഇത്തരമൊരു സാഹചര്യത്തിലാണ് ഏറെയൊന്നും നാടകപ്പെരുമ അവകാശപ്പെടാനില്ലാത്ത തൊടുപുഴയിൽ കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന ജീവനക്കാരുടെ അഖില കേരള ഏകാങ്ക നാടകമത്സരം അരങ്ങ് 2017 ന് വേദിയൊരുക്കുന്നത്. യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 15 ജില്ലാ കലാസമിതികളാണ് മത്സരവേദിയിൽ മാറ്റുരച്ചത്.

2017 ലെ ഗാന്ധിജയന്തി ദിനത്തിൽ തൊടുപുഴ മർച്ചന്റ്‌സ് ഹാളിൽ രാവിലെ 9.15 ന് നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി പ്രശസ്ത നാടക ചലച്ചിത്ര പ്രവർത്തകയും അഭിനേത്രിയുമായ സജിതാമഠത്തിൽ അരങ്ങ് 2017 ഉദ്ഘാടനം ചെയ്തു. ഹ്രസ്വവും ലളിതവുമായ ഉദ്ഘാടനയോഗത്തിൽ സംഘാടകസമിതി ചെയർപേഴ്‌സൺ കെ.പി. മേരി അദ്ധ്യക്ഷയായി. യൂണിയൻ പ്രസിഡന്റ് ഇ. പ്രേംകുമാർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി സ്വാഗതവും കലാസമിതിസംസ്ഥാന കൺവീനർ എം.വി. ശശിധരൻ നന്ദിയും രേഖപ്പെടുത്തി. 10.15 ന് ആദ്യനാടകം അരങ്ങിലെത്തി. ജയചന്ദ്രൻ തകഴിക്കാരനും, ജോബും ചേർന്ന് രചന-സംവിധാനങ്ങൾ നിർവ്വഹിച്ച പാലക്കാട് ഫോർട്ട് കലാവേദിയുടെ ‘തുറന്നവാതിൽ’ നാടകം. തുടർന്ന് റെഡ്സ്റ്റാർ ആലപ്പുഴക്കായി കെ.പി.എ.സി കലേഷ് രചിച്ച് മനോജ് നാരായണൻ സംവിധാനം ചെയ്ത ‘മാവോയിസ്റ്റ്’, ഇ.സി. ദിനേശ്കുമാർ രചിച്ച് സുരേഷ് തിരുവാലി സംവിധാനം ചെയ്ത ജ്വാല മലപ്പുറത്തിന്റെ ‘ബിസ്മില്ലാഹി എന്ന്’, പത്തനംതിട്ട പ്രോഗ്രസീവ് ആർട്‌സിനായി മനോജ് സുനി രചന സംവിധാനം നിർവ്വഹിച്ച ‘കാൺമാനില്ല’ എന്നീ നാടകങ്ങൾ അരങ്ങിലെത്തി. കെ.ആർ. രമേഷ് രചിച്ച് പി.ജെ. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കൊല്ലം ജ്വാലയുടെ ‘ശബ്ദം’, തിരുവനന്തപുരം സൗത്ത് ജില്ലയുടെ അക്ഷര കലാവേദിക്കായി സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ഘടികാരങ്ങൾ നിലയ്ക്കുന്നത്’, ഇടുക്കി കനൽ കലാവേദിക്കായി തൃശ്ശൂർ ഗോപാൽജി രചനയും സാക്ഷാത്ക്കാരവും നിർവ്വഹിച്ച ‘അണ്ടർ ക്ലോസ് വാച്ച്’ എന്നീ നാടകങ്ങൾ തുടർന്ന് അരങ്ങിലെത്തി. ഒ.വി. ഷൈനോജ് രചനയും സംവിധാനവും നിർവ്വഹിച്ച കോട്ടയം തീക്കതിർ കലാവേദിയുടെ ‘പേരില്ലാത്ത പെൺകുട്ടി’, ഗിരീഷ് കർണാടിന്റെ പ്രശസ്ത രചനക്ക് ഗിരീഷ് കാരാടി രംഗഭാഷയൊരുക്കി വയനാട് ഗ്രാ• അവതരിപ്പിച്ച ‘നാഗമണ്ഡല’, വിനോദ്കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് എറണാകുളം സംഘസംസ്‌ക്കാര അരങ്ങിലെത്തിച്ച ‘ദേശീയമൃഗം’, കണ്ണൂർ സംഘവേദിയുടെ ‘ശവക്കുഴികളിൽ നിന്ന് ഇത്രമാത്രം'(രചന: സുരേഷ് ബാബു ശ്രീസ്ഥ, സംവിധാനം: പ്രേമൻ മുചുകുന്ന്), തൃശ്ശൂർ സർഗ്ഗവേദി യുജിൻ ഒനിയലിന്റെ വിഖ്യാത രചനയെ പിൻപറ്റി കെ.എൻ. പ്രശാന്ത് രംഗാവിഷ്‌ക്കാരം നിർവ്വഹിച്ച ‘ഐൽ’ എന്നീ നാടകങ്ങൾ വേദിയിലെത്തി. കാസർഗോഡ് എൻ.ജി.ഒ. കലാവേദി അരങ്ങിലെത്തിച്ചത് സുജിത് നമ്പ്യാർ രചിച്ച് നവജിത്ത് സംവിധാനം ചെയ്ത ‘സുശീലനും പ്രേതങ്ങളും’, പി. ഛന്ദസ് രചിച്ച് ടി. സുരേഷ് ബാബു സംവിധാനം നിർവ്വഹിച്ച കോഴിക്കോട് എൻ.ജി.ഒ. ആർട്ട്‌സിന്റെ ‘ശൗചാലയ്’എന്നിവ തുടർന്ന് അവതരിപ്പിക്കപ്പെട്ടു. അവസാനമായി അരങ്ങിലെത്തിയ തിരുവനന്തപുരം നോർത്ത് ജില്ലയിലെ സംഘസംസ്‌ക്കാര അരങ്ങിലെത്തിച്ച എന്നും ജീവിക്കുന്ന വിപ്ലവ സ്മരണ ‘എവർ ലാസ്റ്റിംഗ് മെമ്മറീസ് ഓഫ് റവല്യൂഷൻ’ (രചന, സംവിധാനം ഗോപിനാഥ്, കോഴിക്കോട്) കർട്ടൻ വീഴുമ്പോൾ രാത്രി 11 മണിയോട് അടുത്തിരുന്നു. അപ്പോഴും മർച്ചന്റ്‌സ് ഹാളിൽ നിറഞ്ഞ സദസ്സ്.

ഒരുമയോടെ കഴിഞ്ഞ നാട്ടിൻപുറത്തെ ന•നിറഞ്ഞ മനുഷ്യരുടെ ജീവിതത്തിലേക്ക് ഫാസിസം നടന്നടുക്കുന്നതും അവരെ കൈപ്പിടിയിലൊതുക്കുന്നതും കലർപ്പില്ലാതെ തുറന്നുകാണിച്ച എറണാകുളം സംഘസംസ്‌ക്കാരയുടെ ‘ദേശീയമൃഗം’ ഏറ്റവും മികച്ച നാടകമായിതെരഞ്ഞെടുക്കപ്പെട്ടു. വിശ്വാസവും, ഭക്ഷണവും, ആചാരാനുഷ്ഠാനങ്ങളും ചവിട്ടുപടിയാക്കി സാമൂഹികജീവിതത്തിൽ സംഘപരിവാർ പിടിമുറുക്കുമ്പോൾ ‘ദേശീയമൃഗം’ നാടകം ആസുരമായ വർത്തമാനകാല ഭീഷണികളുടെ നേർചിത്രമായി മാറുകയാണ്.
പൗരസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്ന, എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന സദാനിരീക്ഷണ ക്യാമറകൾ തുറന്നുവച്ച് അധികാരം അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന ഭരണകൂട നിലപാടുകളുടെ നേർക്കാഴ്ചയുമായെത്തിയ ‘അണ്ടർ ക്ലോസ് വാച്ച്’ അവതരണമികവിൽ രണ്ടാം സ്ഥാനത്തെത്തി. ദളിത്, ന്യൂനപക്ഷ, നിസ്വജനതയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് അസ്ഥിത്വം നഷ്ടപ്പെടുന്ന മനുഷ്യരുടെ വിഹ്വലതകൾ പങ്കുവച്ച നാടകം അരങ്ങിലെത്തിച്ചത് ആതിഥേയരായ ഇടുക്കി കനൽ കലാവേദിയാണ്. യൂജിൻ ഒനിയിലിന്റെ വിഖ്യാത രചനയ്ക്ക് രംഗഭാഷയൊരുക്കി തൃശ്ശൂർ സർഗ്ഗവേദി അരങ്ങിലെത്തിച്ച ‘ഐൽ’ മികച്ച മൂന്നാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. നിസ്വ ജനതയുടെ പോരാട്ടവീറും ത്യാഗസന്നദ്ധതയും ഹൃദ്യമാംവിധം അരങ്ങിലെത്തിക്കുന്നതിൽ നാടകം വിജയിച്ചു.
അധികാരം സംശയത്തിന്റെ തോക്കിൻ മുനയിൽ നിർത്തി നിരന്തരം വേട്ടയാടുമ്പോൾ മുഖം നഷ്ടപ്പെടുന്ന നാട്ടിൻപുറത്തെ ചെറുപ്പക്കാരന്റെ ദുരന്ത ജീവിത മുഹൂർത്തങ്ങൾ ഭാവതീവ്രതയോടെ പ്രേക്ഷകന് പകർന്നുനൽകിയ ഇടുക്കി കനൽകലാവേദിയുടെ അണ്ടർ ക്ലോസ് വാച്ചിലെ ‘റിബൽ’ എന്ന കഥാപാത്രത്തിന് മിഴിവേകിയ ടി.ആർ. അനിൽകുമാറാണ് മികച്ച നടൻ. കണ്ണൂർ സംഘവേദി അവതരിപ്പിച്ച ശവക്കുഴികളിൽ നിന്ന് ഇത്രമാത്രം എന്ന നാടകത്തിൽ അസാമാന്യമായ ഉൾക്കരുത്തോടെ ഗംഗാപുത്രിയെന്ന കഥാപാത്രത്തിന് ജീവൻ പകർന്ന ഷിൻസിതയാണ് മികച്ച നടി.

മലയാള നാടകരംഗത്ത് ശ്രദ്ധേയ സംഭാവനകളർപ്പിച്ച പ്രഗത്ഭമതികളായ ടി.എം. എബ്രഹാം, ടി.വി. ബാലകൃഷ്ണൻ, ഡോ. ബിയാട്രിക്‌സ് അലെക്‌സിസ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പ്രമേയത്തിലെ വ്യത്യസ്ഥതകൊണ്ടും അവതരണത്തിലെ നൂതന സമീപനങ്ങളാലും ശ്രദ്ധേയമായിരുന്നു ഒട്ടുമിക്ക നാടകങ്ങളും. ഈഡിപ്പസും, യവന നാടക വഴികളും കടന്ന് വർഗ്ഗീയതയും, ഭരണകൂട ഭീകരതയുടെ വർത്തമാനകാല സാമൂഹിക യാഥാർത്ഥ്യങ്ങളും, സ്ത്രീസമൂഹത്തിന്റെ വിഹ്വലതകളും അരങ്ങിന്റെ ഇത്തിരിവട്ടത്തിൽ നിന്ന് പ്രേക്ഷക മനസ്സിലേക്ക് ചാട്ടുളിപോലെ കടന്നുചെന്നു. നാടകം മരിക്കുകയല്ല ആസ്വാദക മനസ്സിൽ അഗ്നിയായ് കത്തിപ്പടരുകയാണെന്ന് വിളംബരം ചെയ്യുകയായിരുന്നു രാവേറെ ചെന്ന് അവസാന തിരശ്ശീല വീഴുംവരെ കണ്ണും കാതും മനസ്സും തുറന്നുവച്ച തൊടുപുഴയിലെ നാടകപ്രേമികളുടെ മഹാസദസ്സ്.

Leave a Reply

Your email address will not be published. Required fields are marked *