സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി      

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലയിൽ ജോയിന്റ് രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക്  മുന്നിൽ പ്രകടനം നടത്തി. നവലിബറൽ നയങ്ങളുടെ ഭാഗമായി സഹകരണ മേഖലയിലും കോർപ്പറേറ്റ് താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിഷ്ക്കാരങ്ങളും നിയമനിർമ്മാണവുമാണ് കേന്ദ്രസർക്കാർ തുടർച്ചയായി നടത്തുന്നത്. സഹകരണം സംസ്ഥാന വിഷയമായിട്ടും, ഭരണഘടനാ വിരുദ്ധമായ ഇടപെടലിലൂടെ സഹകരണ മേഖലയെ കേന്ദ്രസർക്കാരിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്രതലത്തിൽ സഹകരണ വകുപ്പിന് മന്ത്രാലയം രൂപീകരിച്ചത്. ഭരണഘടനാ വിരുദ്ധമായ കേന്ദ്രസഹകരണ നിയമഭേദഗതിക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതികളിൽ നിന്നുള്ള തുടർച്ചയായ പ്രഹരങ്ങൾ വകവയ്ക്കാതെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്രസർക്കാർ വീണ്ടും മുന്നോട്ടുപോവുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പദം ഉപയോഗിക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്ന് മാത്രമേ നിക്ഷേപങ്ങൾ സ്വീകരിക്കാവൂ. ചിട്ടികൾ തുടങ്ങിയ എല്ലാ ഇടപാടുകളും ആർ.ബി.ഐ നിർദ്ദേശിക്കുന്ന രീതിയിലാക്കി സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിടുകയാണ്.

ഈ സാഹചര്യത്തിൽ രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച്, ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി സഹകരണ സംഘങ്ങളെയാകെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊല്ലം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തിനു ശേഷം ചേർന്ന യോഗം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എം. നിസ്സാമുദ്ദീൻ, ഖുശീ ഗോപിനാഥ്, സിവിൽ സ്റ്റേഷൻ ഏരിയാ സെക്രട്ടറി കെ.ആർ. ശ്രീജിത് എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടൻ, ഏരിയാ സെക്രട്ടറിമാരായ സി.കെ. അജയകുമാർ, എൻ. രതീഷ്, എം. ഷഹീർ, പത്തനാപുരം ഏരിയാ പ്രസിഡന്റ് റോബിൻ സാമുവൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.