സാംസ്കാരിക സായാഹ്നവും അനുമോദനവും സംഘടിപ്പിച്ചു
കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കലാ-കായിക വേദിയായ ജ്വാലയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ വച്ച് സാംസ്കാരിക സായാഹ്നവും അനുമോദനവും സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക പുരോഗമന മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തി. കേരളത്തിന്റെ പുരോഗമന സാംസ്കാരിക മുന്നേറ്റങ്ങൾ ആരംഭിക്കുന്നത് തന്നെ കാവ്യ ഭാഷയിൽ നവോത്ഥാന ആശയങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിലൂടെയാണ്. ശേഷം നടന്ന രാഷ്ട്രീയ മുന്നേറ്റങ്ങൾ, മിശ്ര വിവാഹങ്ങൾ ഇവയിലൂടെ രൂപപ്പെട്ടതാണ് ഇന്നത്തെ പുരോഗമന കേരളം. കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റം നിലനിർത്താൻ ജീവനക്കാർ തങ്ങളുടെ സർഗ്ഗാത്മകത കൈവിടാതെ നോക്കണം എന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.
2021 ലെ ഒ.എൻ.വി. യുവ സാഹിത്യ പുരസ്കാരം നേടിയ, യൂണിയൻ കൊട്ടാരക്കര ഏരിയാ ജോയിന്റെ സെക്രട്ടറിയും കൊട്ടാരക്കര ജില്ലാ ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റുമായ അരുൺ കുമാർ അന്നൂരിന് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉപഹാരം നൽകി. യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി വി.പി. ജയപ്രകാശ് മേനോൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി.ഗാഥ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജ്വാല കൺവീനർ ആർ. രതീഷ് കുമാർ നന്ദിയും പറഞ്ഞു.