*സാമ്പത്തിക അടിയന്തിരാവസ്ഥയിലൂടെ കേരളത്തെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക : എൻ ജി ഒ യൂണിയൻ* സാമ്പത്തിക പ്രയാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കേന്ദ്ര നീക്കം അപകടകരമാണെന്നും അതിനെ പ്രതിരോധിക്കാൻ ഒന്നായി അണിനിരക്കണമെന്നും കേരള എൻ ജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. കേരളത്തോട് അനുവർത്തിക്കുന്ന ഉപരോധസമാനമായ പ്രതികാര നടപടിയുടെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രയാസം. കേന്ദ്ര നികുതി വിഹിതമായും ജി എസ് ടി നഷ്ടപരിഹാരമായും റവന്യൂ കമ്മി ഗ്രാൻഡ് ആയും ലഭിക്കേണ്ട തുകയിൽ വരുത്തിയ ഭീമമായ വെട്ടിക്കുറവും ധനകാര്യ ഉത്തരവാദിത്ത നിയമമനുസരിച്ച് വായ്പയെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തിനു മേൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതും കാരണം നടപ്പു സാമ്പത്തിക വർഷം സംസ്ഥാന വരുമാനത്തിൽ 57400 കോടി രൂപയുടെ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ജില്ലാ കൗൺസിൽ യോഗം ചൂണ്ടിക്കാട്ടി. ആലപ്പുഴ പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടന്ന യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ സംസ്ഥാന കൗൺസിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി ബി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു