സ്‌കൂളുകൾക്കാവശ്യമായ തെർമ്മൽ സ്‌കാനറുകൾ വാങ്ങി നൽകി എൻ.ജി.ഒ. യൂണിയൻ

കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര വർഷക്കാലത്തിലധികമായി സംസ്ഥാനത്ത് അടഞ്ഞുകിടന്നിരുന്ന സ്‌കൂളുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്‌കൂളുകൾക്കായി എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി വാങ്ങിയ തെർമ്മൽ സ്‌കാനറുകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ വച്ച് നടന്ന കൈമാറ്റച്ചടങ്ങ് എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സർവ്വ ശിക്ഷാ അഭിയാൻ ജില്ലാ പ്രൊജക്‌ട് കോ-ഓർഡിനേറ്റർ രാധാകൃഷ്‌ണൻ ഉണ്ണിത്താൻ ഏറ്റുവാങ്ങി.

എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, ബി. ജയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി സി. ഗാഥ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു നന്ദിയും പറഞ്ഞു. സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി ഇവിടങ്ങളിൽ ശുചീകരണ പരിപാടികളും യൂണിയൻ നേതൃത്വത്തിൽ നേരത്തെ സംഘടിപ്പിച്ചിരുന്നു.