‘സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം’ – എൻ.ജി.ഒ. യൂണിയൻ വെബിനാർ സംഘടിപ്പിച്ചു.
‘സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന വെബിനാർ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ അംഗം അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു. 50 ശതമാനത്തിലേറെ വനിതകൾ ജോലി ചെയ്യുന്ന സംസ്ഥാന സിവിൽ സർവ്വീസിൽ കുടുംബത്തിന്റെയും തൊഴിലിടങ്ങളിലെയും ഉത്തരവാദിത്തങ്ങൾ ഒരുപോലെ നിർവ്വഹിക്കേണ്ടിവരുന്ന വനിതകൾ ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യം നിലവിലുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ വനിതാ ശിശുവികസന വകുപ്പ് പുതുതായി രൂപീകരിച്ചു. കനൽ പദ്ധതി, സ്ത്രീ പീഢനം, ഗാർഹിക പീഢനം എന്നിവയ്ക്കെതിരെ പരാതി നൽകാനും പരിഹാരത്തിനുമായുള്ള അപരാജിത, രാത്രികാല താമസത്തിന് ഷീ ലോഡ്ജ് തുടങ്ങിയവ നടപ്പിലാക്കി.
ഭരണഘടനയുടെ ആമുഖത്തിൽ തുല്യ പദവിയും അവസര സമത്വവും പറയുന്നുണ്ടെങ്കിലും സമൂഹത്തിൽ ഇന്നും സ്ത്രീകൾ വിവേചനം നേരിടുകയാണ്. സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് വർദ്ധിച്ച് വരികയാണ്. തൊഴിൽ മേഖലയിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന പ്രതിലോമകരമായ നയങ്ങളുടെ ഭാഗമായി സ്ത്രീ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പലതും നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്.
എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.പി. ഉഷ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗം ബി. ജയ, ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. സുംഹിയത് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും വനിതാ സബ്ബ് കമ്മിറ്റി കൺവീനർ കെ.സി. റൻസിമോൾ നന്ദിയും പറഞ്ഞു.