ഹത്റാസ് – ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധം
ഹത്റാസിലെ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കുടുംബങ്ങൾക്ക് വിട്ടുകൊടുക്കാതെ പോലീസ് തന്നെ ദഹിപ്പിച്ചും ഉന്നതജാതിക്കാരായ പ്രതികളെ സംരക്ഷിച്ചും തെളിവ് നശിപ്പിച്ചും ഇതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന യു.പി. സർക്കാരിന്റെ ‘ഭരണകൂട ഭീകരതയ്ക്കെതിരെ നീതിക്കായി ഒന്നിക്കാം’ എന്ന് മുദ്രാവാക്യമുയർത്തി 2020 ഒക്ടോബർ 6 ന് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടി നടത്തുമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാനകമ്മിറ്റി അറിയിച്ചു.
സംഘപരിവാർ ഭരണത്തിൻകീഴിൽ കുറ്റകൃത്യങ്ങൾ വൻതോതിൽ വർദ്ധിച്ചതായാണ് എൻ.സി.ആർ.ബി. യുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. യു.പി.യിൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നശേഷം സ്ത്രീകൾക്കും, ദളിതർക്കും, മതന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷവാദികൾക്കുമെതിരെ നിരന്തരമായ കടന്നാക്രമണങ്ങളാണ് നടക്കുന്നത്. അതിക്രമത്തിനിരയാകുന്നവർക്ക് നീതി ഉറപ്പാക്കാനോ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ സർക്കാർ മുൻകൈ എടുക്കാത്തതിനാലാണ് നിത്യേനയെന്നോണം പൈശാചിക സംഭവങ്ങൾ അരങ്ങേറുന്നത്. ഹത്റാസ് സംഭവത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടയിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കാൻ പോലീസും ഭരണനേതൃത്വവും പരസ്യമായി രംഗത്തുവരുന്ന കാഴ്ച, നാട് എത്തിച്ചേർന്നിരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷത്തെ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യസ്നേഹികളുടെയും ജനാധിപത്യശക്തികളുടെയും അതിശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാകുന്ന ഘട്ടത്തിലാണ് എൻജിഒ യൂണിയൻ സംസ്ഥാനത്ത് ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു.