കണ്ണൂർ; ജീവനക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെ അന്യായമായി കേരളത്തിലങ്ങോളമിങ്ങോളം തലങ്ങും വിലങ്ങും നടത്തി കൊണ്ടിരിക്കുന്ന സ്ഥലമാറ്റം തുടരുകയും അതിന് ഭരണാനുകൂല സംഘടനകളോടൊപ്പം കേരളത്തിൻ്റെ മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുകയും ചെയ്യുന്ന നിഷ്ഠൂരമായ രീതികളുടെ ഭാഗമായി ജീവനക്കാർ മാനസികമായി തളരുകയും മരണത്തിന് കീഴടങ്ങുകയും ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്ന ദയനീയമായ സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഗുരുതര രോഗം ബാധിച്ചവരെന്നോ, വിധവകളെന്നോ, പ്രത്യേക പരിഗണന അർഹിക്കുന്നവരെന്നോ, വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളവരെന്നോ പരിഗണനകളൊന്നും പാലിക്കാതെ ആവശ്യപ്പെട്ടാൽ മാത്രം സ്ഥലം മാറ്റം നൽകപ്പെട്ടിരുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയടക്കമാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന വിഡി സതീശൻ സർക്കാർ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സ്ഥലമാറ്റത്തിൻ്റെ ദുരന്തമനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു കൊണ്ട് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
പ്രതിഷേധ കൂട്ടായ്മ വി കെ സനോജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു.
കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് എ കെ ബീന, കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി ആർ സ്മിത, എ വി മനോജ് കുമാർ, ഡോ. രാഖി രാഘവൻ, എം വി സഹദേവൻ, കെ വി പുഷ്പജ എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും പറഞ്ഞു.

അന്യായമായ സ്ഥലംമാറ്റത്തിനെതിരെ കണ്ണൂർ പഴയ ബസ്റ്റാൻഡിൽ സംഘടിപ്പിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിഷേധ കൂട്ടായ്മ വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു