Kerala NGO Union

കരിദിനാചരണം
ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സിന്റെയും, അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കരിദിനം ആചരിച്ചു.
രാജ്യത്തിൻ്റെ ഫെഡറൽ വ്യവസ്ഥയെയും, ഭരണഘടന അനുശാസിക്കുന്ന കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാന ശിലകളെയും തകർത്തു കൊണ്ട് ബിജെപി ഇതര ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന ഉപരോധ സമാനമായ നയങ്ങൾ കാരണം സംസ്ഥാന ജീവനക്കാരുടെ പെൻഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര നികുതി വിഹിതമായും ജി എസ് ടി നഷ്ടപരിഹാരമായും റവന്യൂ കമ്മിഗ്രാൻ്റായും ലഭിക്കേണ്ട തുകയിൽ വരുത്തിയ ഭീമമായ വെട്ടിക്കുറവും ധനകാര്യ ഉത്തരവാദിത്വ നിയമമനുസരിച്ച് വായ്പ‌യെടുക്കാനുള്ള സംസ്‌ഥാനത്തിൻ്റെ അവകാശത്തിനു മേൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതും കാരണം നടപ്പു സാമ്പത്തിക വർഷം സംസ്ഥാന വരുമാനത്തിൽ 64,200 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര പദ്ധതികളുടെ വിഹിതം അനുവദിക്കുന്ന കാര്യത്തിലും നിഷേധാത്മക നിലപാട് തുടരുകയാണ്.
കേന്ദ്രസർക്കാർ നടപടിക്കെതിരെ ജീവനക്കാരും, അധ്യാപകരും, ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സിൻ്റെയും, അധ്യാപക സർവീസ്
സംഘടന സമര സമിതിയുടെയും നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
തിരുവനന്തപുരത്ത് ഏജീസ് ഓഫീസിന് മുന്നിൽ നടന്ന പ്രകടനം ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എം.എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു‌തു. സമര സമിതി കൺവീനർ സുധികുമാർ അഭിവാദ്യം ചെയ്തു കരിദിനാചാരണത്തിൻ്റെ ഭാഗമായി ജീവനക്കാരും അധ്യാപകരും ബാഡ്‌ജ്‌ ധരിച്ചാണ് ജോലി ചെയ്‌തത്.
വിവിധ ഓഫീസുകളിൽ ആക്ഷൻ കൗൺസിലിന്റെയും സമര സമിതിയുടെയും നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *