Kerala NGO Union

ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡ് – 19 മഹാമാരി കവര്‍ന്നെടുത്ത ജീവനും ജീവനോപാധിയും എല്ലാകണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണ്. ഗുരുതരമായ സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി സര്‍വ്വമേഖലകളിലും ദീര്‍ഘകാല പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് കോവിഡ് – 19 ന്‍റെ വ്യാപനം. വൈദ്യശാസ്ത്രരംഗത്ത് അസൂയാവഹമായ നോട്ടങ്ങള്‍ കൈവരിച്ച വികസിത രാഷ്ട്രങ്ങള്‍പോലും കൊറോണ വൈറസിന് മുന്നില്‍ തകര്‍ന്നു വീഴുന്ന കാഴ്ച ലോകം കണ്ടു. അവിടെ നടപ്പിലാക്കിയ നവ ഉദാരവത്കരണ നയങ്ങളാണ് ഇതിന്‍റെ പ്രധാനകാരണം. ആരോഗ്യമേഖല പൂര്‍ണമായും സ്വകാര്യവല്‍കരിച്ചതിന്‍റെ ഫലമായി മാഹാമാരിയെപോലും ലാഭം കൊയ്യാനുള്ള അവസരമായി മുതലാളിത്തം ഉപയോഗപ്പെടുത്തി. മരണനിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നപ്പോള്‍ സ്പെയിനടക്കമുള്ള രാജ്യങ്ങള്‍ അവരുടെ സ്വാകര്യആശുപത്രികള്‍ ദേശസാത്കരിച്ച സാഹചര്യങ്ങളുണ്ടായി. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന കാഴ്ചപ്പാടു പുലര്‍ത്തിയ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലാണ് കോവിഡ് – 19 നെതിരായ പ്രതിരോധവും ചികിത്സയും ഫലപ്രദമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നവഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ആരോഗ്യ-സേവ മേഖലയില്‍ നിന്നും സര്‍ക്കാരിന്‍റെ പിന്‍മാറ്റവും അശാസ്ത്രീയ പ്രതിരോധ പ്രവര്‍ത്തനങ്ങളും വലിയ അപകടം വിളിച്ചുവരുത്തി. വേണ്ടത്ര മുന്നൊരുക്കമല്ലാതെ അടച്ചിടല്‍ പ്രഖ്യാപിച്ചതും വിഷയം കൂടുതല്‍ സങ്കീര്‍ണമായി. എന്നാല്‍ കേരള സര്‍ക്കാര്‍ ഏറ്റവും ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനം നടത്തിയും വ്യക്തമായ ആസുത്രണത്തോടെ അടച്ചിടല്‍ – ലോക്ഡൗണ്‍ – നടപ്പാക്കുകയും കേരളത്തെ ഗ്രസിക്കുമായിരുന്ന വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തി. കോവിഡ് ബാധിതരുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്തത് കേരളത്തില്‍ മാത്രമാണ്. അതിവിപുലമായ ചികിത്സാ മാതൃകയാണ് കേരളം വികസിപ്പിച്ചത്. സിഎഫ്എല്‍ടിസി അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങള്‍, .. ജനകീയപങ്കാളിത്തത്തോടെ നടപ്പിലാക്കിയ സാമുഹിക അടുക്കളകള്‍. കേരളത്തിലെ ലക്ഷക്കണക്കായ അതിഥി തൊഴിലാളികള്‍ ഏര്‍പ്പെടുത്തിയ ഭക്ഷണ – താമസ സൗകര്യങ്ങള്‍ എല്ലാ കേരളത്തിന്‍റെ മാത്രം പ്രത്യേകതയായിരുന്നു.
അടച്ചുപൂട്ടലിന്‍റെ ഭാഗമായി ജീവനോപാധികള്‍ നിലച്ചുപോയ സര്‍വ്വ മനുഷ്യര്‍ക്കും കേരള സര്‍ക്കാര്‍ കൈത്താങ്ങായി. ഇന്ത്യയിലാദ്യമായി 20,000 കോടി രൂപയുടെ പ്രത്യേക പക്കേജ് നടപ്പിലാക്കിയത് കേരള സര്‍ക്കാരാണ്. എപിഎല്‍., ബിപിഎല്‍ വ്യത്യസമില്ലാതെ 87 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യകിറ്റുകള്‍, 54 ലക്ഷം പേര്‍ക്ക് 8500 രൂപവീതം ക്ഷേമപെന്‍ഷനുകള്‍, തുടങ്ങിയ നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കി
നിപയും പ്രളയങ്ങളേയും അതിജീവിച്ച കേരള ജനതയുടെ അനുപമമായ ഇച്ഛാശക്തിക്കൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള എന്‍ജിഒ യൂണിയനും അതിന്‍റെ ചരിത്രപരമായ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു. യൂണിയന്‍റെ 15 ജില്ലാകമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഏറ്റെടുത്ത പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്. 1,29,44,799 രൂപയുടെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിയിട്ടുണ്ട്. സേവന – സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനുപുറമെയാണ്. വെന്‍റിലേറ്ററുകള്‍, സുരക്ഷാഉപകരണങ്ങള്‍, സിഎഫ്എല്‍ടിസി- ഒരുക്കാനാവശ്യമായ വസ്തുക്കള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍, ബോധവത്ക്കരണ പരിപാടികള്‍, ഹെല്‍പ് ഡിസ്കുകള്‍, തുടങ്ങി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ വിജയത്തിനാവശ്യമായ ഏല്ലാ മേഖലയിലും യുണിയന്‍ സഹായമെത്തിയിട്ടുണ്ട്.
അടച്ചിടലിന്‍റെ ഭാഗമായി വരുമാനം പൂര്‍ണമായും നിലച്ചുപോയ സര്‍ക്കാറിന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍. പ്രളയം കാലം പോലെ ഇവിടെയും കേന്ദ്രസര്‍ക്കാര്‍ ന്യായമായ സഹായം കേരളത്തിന് നല്‍കിയില്ല. എങ്കിലും കേരളത്തിന്‍റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരു കുറവും വരുത്താതെ കോവിഡ് മഹാമാരിയില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ചുനിര്‍ത്തുവാനുള്ള സാമൂഹിക ഉത്തരവാദിത്തവും പിണറായി സര്‍ക്കാര്‍ നിര്‍വ്വഹിച്ചു. രണ്ട് പ്രളയങ്ങള്‍ തകര്‍ത്ത കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ പൂര്‍വ്വ സ്ഥിതിയിലെത്തുന്നതിന് മുമ്പാണ് കോവിഡ് – 19 ന്‍റെ വ്യാപനമുണ്ടാവുന്നത്. ഇത് സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവിഭാഗം ജനങ്ങളോടും സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും ഒരുമാസശമ്പളം തിരുച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ ഘഡുക്കളായി നല്‍കാനുള്ള സര്‍ക്കാറിന്‍റെ അഭ്യര്‍ത്ഥനയെ ബഹുഭൂരിപക്ഷം പേരും പിന്തുണക്കുയുണ്ടായി. എന്നാല്‍ പ്രളയകാലത്തെപോലതന്നെ ഈ ദുരന്തകാലത്തും കേരളത്തിന്‍റെ പൊതുമനസ്സിനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ സെറ്റോ-ഫെറ്റോ സംഘടനകള്‍ തയ്യാറായില്ല. സര്‍ക്കാരിന്‍റെ ഉത്തരവ് തന്നെ കത്തിച്ച ചിലര്‍ സ്വയം അപഹാസ്യരായി. പക്ഷേ, കേരളത്തെ തകര്‍ക്കാനുള്ള ആഹ്വാനമല്ല, മറിച്ച് പിറന്ന നാടിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ആഹ്വാനമാണ് അധ്യാപകരും ജീവനക്കാരും ഏറ്റെടുത്തത്. 6 ദിവസത്തെ ശമ്പളം 5 മാസമായി സര്‍ക്കാരിന് നല്‍കികൊണ്ട് ജീവനക്കാര്‍ മാതൃകയായി.
കോവിഡ് കാലത്ത് അടച്ചുപൂട്ടലിന്‍റെ ഭാഗമായി കുട്ടികളുടെ പഠനം മുടങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ക്ലാസ്സുകള്‍ തുടങ്ങി കേരളം വീണ്ടും ചരിത്രം സൃഷ്ടിച്ചു. പക്ഷേ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് പ്രയാസമുണ്ടാക്കി. ഈ സന്ദര്‍ഭത്തില്‍ അര്‍ഹരായ കുട്ടികള്‍ക്ക് 50ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ നല്‍കികൊണ്ട് എന്‍ജിഒ യൂണിയന്‍ ഈ മഹാദൗത്യത്തില്‍ പങ്കാളികളായി

Leave a Reply

Your email address will not be published. Required fields are marked *