കണ്ണൂർ; സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ ജീവനക്കാരെ മാനദണ്ഡവിരുദ്ധമായി. ചട്ടങ്ങൾ ലംഘിച്ച് വ്യാപകമായി സ്ഥലം മാറ്റങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി ജീവനക്കാർ ആത്മഹത്യ ചെയ്തും സമ്മർദ്ദങ്ങൾ താങ്ങാനാകാതെ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജീവനക്കാരെ സ്ഥലംമാറ്റം നടത്തി പീഡിപ്പിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നും മരണത്തിന് കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന്ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
ഭരണകൂട ഭീകരതക്കെതിരെ
കലക്ട്രേറ്റിലേക്ക് നടന്ന ഉജ്ജ്വല മാർച്ചിൽ ആയിരക്കണക്കിന്
ജീവനക്കാരും അദ്ധ്യാപകരുമാണ് അണിനിരന്നത്.
മാർച്ച് മുൻ എം.എൽ.എ , എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു.
കെ വി സുമേഷ് എംഎൽഎ, കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് എ കെ ബീന, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എം സുഷമ , പി ആർ സ്മിത, കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറി ടി ഖമറുസമൻ , എ.വി. മനോജ് കുമാർ ,തുടങ്ങിയവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.

ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്