കണ്ണൂർ; തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് സെക്രട്ടറിമാരുടെയും സീനിയർ ക്ലർക്ക്മാരുടെയും മാനദണ്ഡ വിരുദ്ധവും അന്യായവുമായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ തദ്ദേശ സ്വയംഭരണ ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.
നൂറുകണക്കിന് സീനിയർ ക്ലർക്ക് മാരെയും അസിസ്റ്റൻ്റ് സെക്രട്ടറിമാരെയുമാണ് യാതൊരു മാനദണ്ഡവുമില്ലാതെ വിദൂര ജില്ലകളിലേക്കും ജില്ലയിൽ തന്നെ വിദൂര ഓഫീസുകളിലേക്കും അന്യായമായി സ്ഥലം മാറ്റിയിരിക്കുന്നത്.
ഭരണാനുകൂല സംഘടനകളുടെ തിട്ടൂരത്തിന് വഴങ്ങി വകുപ്പ് മേധാവികളും സർക്കാരും നടത്തുന്ന ഇത്തരം കൂട്ട സ്ഥലം മാറ്റങ്ങൾ ജീവനക്കാർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നതോടൊപ്പം ഓഫീസുകളുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കാതിരിക്കുന്നതിനും കാരണമാവുകയാണ്.
ജീവനക്കാരുടെ പ്രതിഷേധം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി വി പ്രജീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം അനീഷ് കുമാർ, ജോയിൻ്റ് സെക്രട്ടറി ടി ഷറഫുദ്ദീൻ, ട്രഷറർ കെ ഷിബ എന്നിവർ പ്രസംഗിച്ചു.

അന്യായമായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിനു മുന്നിൽ നടന്ന ജീവനക്കാരുടെ പ്രതിഷേധം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി വി പ്രജീഷ് ഉദ്ഘാടനം ചെയ്യുന്നു