ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി
ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കൊല്ലം ജലഗതാഗത വകുപ്പ് ഓഫീസിനു മുന്നിൽ പ്രകടനവും യോഗവും നടത്തി. സ്പെഷ്യൽ റൂൾ വ്യവസ്ഥയുടെ അവ്യക്തതയുടെ പേരിൽ അർഹരായ ജീവനക്കാരുടെ സ്ഥാനക്കയറ്റം നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, മാനദണ്ഡം പാലിച്ച് പൊതുസ്ഥലംമാറ്റം വകുപ്പിൽ നടപ്പിലാക്കുക, താൽക്കാലിക നിയമനങ്ങൾ പൂർണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടത്തുക, അവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ അഭാവത്തിൽ പകരം ജീവനക്കാരെ നിയമിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിച്ച് ഉത്തരവ് നൽകുക, ബോട്ട് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുക, വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം, ഡ്യൂട്ടി ക്രമീകരണം, ബോട്ടുകളുടെ റണ്ണിംഗ് ടൈം പരിഷ്കരണം എന്നിവ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുക, നിലവിലുള്ള ബോട്ടുകൾ അറ്റകുറ്റപ്പണി ചെയ്തും ആധുനികവത്കരിച്ചും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ലസ്കർ തസ്തികയിലെ ജീവനക്കാർക്ക് ബോട്ട് ഡ്രൈവർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വിഘാതമായ വ്യവസ്ഥകൾ ഒഴിവാക്കുക, ജീവനക്കാർക്ക് ആവശ്യമായ സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷാഹിർ, യൂണിയൻ ഠൗൺ ഏരിയാ സെക്രട്ടറി എസ്. ഷാഹിർ എന്നിവർ സംസാരിച്ചു.