റിസർവ്വ് ബാങ്ക് നയം ജനതാൽപര്യം പാലിക്കാതെ – എം.ബി.രാജേഷ്
വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ വിടവ് പരിഹരിക്കാൻ
പലിശരഹിത വായ്പ നൽകി പഠനോപകരണങ്ങൾ സ്വന്തമാക്കാനുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യത്തിനെതിരാണ്, കേരള ബാങ്കിനെ പലിശരഹിത വായ്പ നൽകുന്നത് വിലക്കിക്കൊണ്ടുള്ള റിസർവ്വ് ബാങ്ക് നടപടിയെന്ന്, കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല കമ്മിറ്റി സമാഹരിച്ച 30 ലക്ഷം രൂപയുടെ ടാബ് വിതരണം ഉദ്ഘാടനം ചെയ്ത് ബഹു: സ്പീക്കർ ശ്രീ.എം.ബി.രാജേഷ് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട്, വിദ്യാർത്ഥികളെ സഹായിക്കാൻ നവീനമായ പുതിയ മാതൃകകൾ സൃഷ്ടിക്കണം, പുസ്തക ലൈബ്രറികൾ പോലെ, സ്മാർട്ട് ഫോണുകളുടെ ലൈബ്രറികളും സ്ഥാപിക്കണം. എന്നാൽ മാത്രമേ മഹാരോഗം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ സാധിക്കുകയുള്ളു.
30 ലക്ഷം രൂപയുടെ ടാബുകളാണ് ജില്ലയിൽ യൂണിയൻ വിതരണം ചെയ്യുന്നത്. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ. പി. കൃഷ്ണൻ ടാബുകൾ ഏറ്റുവാങ്ങി. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസ് തയ്യാറാക്കുന്ന പട്ടികയിൽ പെടുന്ന വിദ്യാർത്ഥികൾക്ക്, വിദ്യാഭ്യാസ വകുപ്പ് വഴിയാണ് ടാബുകൾ വിതരണം ചെയ്യുന്നത്. എൻ.ജി.ഒ യൂണിയൻ ജില്ല സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി പി ജയപ്രകാശ് നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ദീപ സംസാരിച്ചു. ജില്ല പ്രസിഡൻ്റ് ഇ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു.