കേരളാ എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 18,19 തിയ്യതികളിൽ 135 ഏരിയാ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്‌നേഹസംഗമങ്ങൾ മാറ്റിവെച്ചു. ഓണത്തോടനുബന്ധിച്ച് എല്ലാ വർഷവും ഒരുമയുടെ ഓണം സ്‌നേഹസംഗമം എന്നപേരിൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും ഒത്തുചേരലുകൾ യൂണിയൻ സംഘടിപ്പിച്ചു വരികയാണ്. കേരളത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർന്നു വരുന്ന മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌നേഹ സംഗമങ്ങൾ മാറ്റിവെക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും യൂണിയൻ തീരുമാനിച്ചത്.
വെള്ളമിറങ്ങിയ ശേഷം വരാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ മുന്നിൽ കണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് യുണിയൻ തീരുമാനിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ ഭാഗമായി വാസയോഗ്യമല്ലാതായ വീടുകളും പരിസരങ്ങളും യൂണിയൻ പ്രവർത്തകർ നേരിട്ടെത്തി ശുചീകരിക്കും. ആവശ്യമായ എല്ലാ കേന്ദ്രങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് യൂണിയൻ സംസ്ഥാനകമ്മിറ്റി അറിയിച്ചു. വെള്ളപ്പൊക്കത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അഭ്യർത്ഥിച്ചു.