.
സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കാനുള്ള സർക്കാർ നിർദ്ദേശം കേരള എൻ.ജി.ഒ. യൂണിയൻ സ്വാഗതം ചെയ്തു.
ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്ത മഹാപ്രളയ ദുരന്തത്തെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുകയാണ്. പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറ്റി എഴുപതിൽപ്പരം ജീവനാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. ആയിരക്കണക്കിന് വീടുകളാണ് തകർന്നത്. ഒരുലക്ഷത്തോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. എല്ലാം നഷ്ടപ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഭാവി ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുന്നത്. കൃഷിനാശത്തിന്റേയും തകർന്ന റോഡുകളുടേയും പാലങ്ങളുടേയും കെട്ടിടങ്ങളുടേയും കണക്കെടുത്താൽ സംസ്ഥാനത്തിന് താങ്ങാവുന്നതിനുമപ്പുറമാണ്. പ്രളയജലത്തിൽ നിന്നും രക്ഷനേടി കെട്ടിടങ്ങൾക്ക് മുകളിലും മറ്റും അഭയം പ്രാപിച്ച ആയിരങ്ങളെ രക്ഷപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്.
ദുരന്തത്തിലകപ്പെട്ടവരെ രക്ഷിക്കാനും സഹായിക്കാനും ഭരണകൂടവും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ മാതൃകാപരമായ കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള സർക്കാരിന്റെ അഭ്യർത്ഥനക്ക് അഭൂതപൂർവ്വമായ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ജീവനക്കാർ തീരുമാനിച്ചിരിക്കയാണ്.
മഹാദുരന്തത്തിലകപ്പെട്ട സഹജീവികളുടെ കണ്ണീരിന് മുമ്പിൽ മലയാളികൾക്ക് ഇക്കുറി ഓണവും ഓണാഘോഷങ്ങളുമില്ല. ജീവനക്കാർക്കും അദ്ധ്യാപകർക്കും ഓണം ആഘോഷിക്കുന്നതിനുവേണ്ടി സർക്കാർ അനുവദിച്ച ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാനുള്ള സർക്കാർ തീരുമാനം എല്ലാ ജീവനക്കാരും സ്വാഗതം ചെയ്യണമെന്ന് ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അഭ്യർത്ഥിച്ചു.
ജനറൽ സെക്രട്ടറി