ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്ത മഹാപ്രളയദുരന്തത്തെ സംസ്ഥാനം ഒറ്റക്കെട്ടായി നിന്ന് നേരിടുകയാണ്. ദുരന്തത്തിൽ നഷ്ടപ്പെട്ടത് പിഞ്ചുകുഞ്ഞുങ്ങളടക്കം ഇരുനൂറ്റി ഇരുപത്തിയഞ്ച് മനുഷ്യജീവനാണ്. ഏഴ് ലക്ഷത്തിൽപരം ആളുകളാണ് സർവ്വസ്വവും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. കൃഷിനാശത്തിന്റേയും തകർന്ന റോഡുകളുടേയും പാലങ്ങളുടേയും കെട്ടിടങ്ങളുടേയും കണക്കെടുത്താൽ നഷ്ടം സംസ്ഥാനത്തിന് താങ്ങാനാവുന്നതിനുമപ്പുറമാണ്.
ദുരന്തത്തിലകപ്പെട്ടവരെ സഹായിക്കാനും സംസ്ഥാനത്തിന്റെ പുനർനിർമ്മിതിക്കുമായി സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസ്സുകൾ അകമഴിഞ്ഞ് സംഭാവന നൽകിക്കൊണ്ടിരിക്കയാണ്. സംസ്ഥാന ജീവനക്കാർ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ഇത് സംബന്ധിച്ച് സംഘടനകളുമായി നടത്തിയ ചർച്ചയിൽ എല്ലാ സംഘടനകളും സർക്കാരിന്റെ അഭ്യർത്ഥനക്ക് പൂർണ്ണ പിന്തുണയാണ് നൽകിയത്. ഈ വർഷത്തെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന നിർദ്ദേശത്തേയും എല്ലാ സംഘടനകളും അംഗീകരിച്ചു.
എന്നാൽ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റിയ സാഹചര്യത്തിൽ ശമ്പളത്തിൽ നിന്നും സംഭാവന നൽകേണ്ടതില്ലെന്ന തെറ്റായ പ്രചരണം ചിലർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ദുരിതാശ്വാസനിധിയിലേക്കുള്ള വിഭവസമാഹരണത്തെ തകർക്കാനും ജീവനക്കാരെ സമൂഹമധ്യത്തിൽ അവഹേളിക്കുന്നതിനുമാണ്.
മഹാദുരന്തത്തിനിരയായ സഹജീവികളുടെ കണ്ണീരൊപ്പാനും സംസ്ഥാനത്തിന്റെ പുന:സൃഷ്ടിക്കുമായി സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന വിഭവസമാഹരണത്തിൽ പങ്കാളികളാകാനും രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും മുഴുവൻ ജീവനക്കാരോടും എഫ്.എസ്.ഇ.ടി.ഒ. പ്രസിഡന്റ് കെ.സി.ഹരികൃഷ്ണനും ജനറൽസെക്രട്ടറി ടി.സി.മാത്തുക്കുട്ടിയും അഭ്യർത്ഥിച്ചു.
ജനറൽ സെക്രട്ടറി