ഓണം അവധികൾ ഉപേക്ഷിച്ച് ദുരിതാശ്വാസപ്രവർത്തനരംഗത്ത് കർമ്മനിരതരാവാൻ ജീവനക്കാർ തയ്യാറാകണമെന്ന് സർവ്വീസ് സംഘടനാ നേതാക്കൾ അഭ്യർത്ഥിച്ചു. പ്രളയത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും യുദ്ധകാലാടിസ്ഥാനത്തിലുള്ള ദുരിതാശ്വാസപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദുരിതാശ്വാസക്യാമ്പിലുള്ള പത്തുലക്ഷത്തോളം പേർക്ക് ഇപ്പോഴും തങ്ങളുടെ വീടുകളിലേക്ക് മടങ്ങി പോകാൻ കഴിഞ്ഞിട്ടില്ല. ക്യാമ്പുകളിലും ശുചീകരണ പ്രവർത്തനങ്ങളിലും ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർക്കൊപ്പം ജീവനക്കാരും നിസ്വാർത്ഥമായി സേവനരംഗത്താണ്. ഈ പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുക്കേണ്ടതുണ്ട്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പ്രത്യക്ഷത്തിൽ നേതൃത്വം നൽകുന്ന റവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ആഫീസുകൾ അവധി ദിനങ്ങളിൽ തുറന്ന് പ്രവർത്തിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഇതര വകുപ്പുകളിലെ ജീവനക്കാർ ഈ ദിവസങ്ങളിൽ ശുചീകരണപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകാനും തയ്യാറാകണമെന്ന് എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ, എൻ.ജി.ഒ. സെന്റർ പ്രസിഡന്റ് പനവൂർ നാസർ, കേരള എൻ.ജി.ഒ. അസോസിയേഷൻ (എസ്) പ്രസിഡന്റ് എസ്. ഗിരീഷ് കുമാർ, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എം.എ. അബൂബക്കർ, കെ.ജി.ഒ.എ. ജനറൽ സെക്രട്ടറി ടി.എസ്. രഘുലാൽ, കെ.ജി.ഒ.യു. പ്രസിഡന്റ് എസ്. അജയൻ, കെ.ജി.ഒ.എഫ്. ജനറൽ സെക്രട്ടറി കെ.എസ്. സജികുമാർ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സെന്റർ കെ. പ്രേംകുമാർ, സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ പ്രസിഡന്റ് എം. ഇസ്മയിൽ സേട്ട് തുടങ്ങിയവർ അഭ്യർത്ഥിച്ചു.