സാലറി ചലഞ്ച് –
ജീവനക്കാരും അദ്ധ്യാപകരും നാടിനൊപ്പം സംയുക്ത സമരസമിതി
എല്ലാവിധ ദുഷ്പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ് കേരള പുനർനിർമ്മിതിക്കായുള്ള സാലറി ചലഞ്ച് ബഹുഭൂരിപക്ഷം ജീവനക്കാരും അദ്ധ്യാപകരും ആവേശത്തോടെ ഏറ്റെടുത്തു. സെക്രട്ടറിയേറ്റ് മുതൽ വില്ലേജാഫീസുകളും പഞ്ചായത്താഫീസുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമടക്കമുള്ള മുഴുവൻ സർക്കാർ ഓഫീസുകളിലെയും വിദ്യാലയങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും അദ്ധ്യാപകരും കേരള പുനർസൃഷ്ടിക്കായി തങ്ങളുടെ ഒരുമാസ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ സന്നദ്ധമായി. സാലറി ചലഞ്ചിനെ നിർബ്ബന്ധിത പിരിവ് എന്ന് ദുർവ്യാഖ്യാനം ചെയ്ത് കേരളത്തിന്റെ വളർച്ചയെ പിന്നോട്ടടിപ്പിക്കാൻ രാഷ്ട്രീയ പ്രേരിതമായി നിലപാട് സ്വീകരിച്ച ചില സംഘടനകളുടെ വിഷലിപ്ത പ്രചാരവേലകളെ തള്ളിക്കളഞ്ഞുകൊണ്ട് ജീവനക്കാരും അദ്ധ്യാപകരും ജനപക്ഷത്തുറച്ചുനിന്നു. ഇതിലൂടെ നാടിനെ സംരക്ഷിക്കുക എന്ന തൊഴിലാളിവർഗ ഉത്തരവാദിത്വമാണ് ജീവനക്കാരും അദ്ധ്യാപകരും നിറവേറ്റിയത്. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ദൈനംദിന ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാകാത്തവിധത്തിൽ ഈ മഹത് യജ്ഞത്തിൽ പങ്കാളികളാവുന്നതിനുള്ള നിരവധി നിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ടുവച്ചത്. സഹകരിക്കാൻ പ്രയാസമുണ്ടെങ്കിൽ ഇക്കാര്യം രേഖാമൂലം ആഫീസ് മേധാവിക്ക് എഴുതിക്കൊടുക്കുവാനും അവസരമൊരുക്കിക്കൊണ്ടാണ് സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. തികച്ചും സൗഹാർദ്ദപരമായ ഈ അഭ്യർത്ഥനയെ ആണ് നിർബ്ബന്ധിത പിരിവെന്ന് ചിത്രീകരിക്കുവാൻ നിക്ഷിപ്ത താൽപര്യത്തോടെ ചിലർ ശ്രമിച്ചത്. പ്രളയ ദുരന്തകാലഘട്ടത്തിൽ സിവിൽസർവീസ് മേഖലയിലെ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പ്രവർത്തനങ്ങൾ മാനവികതയുടെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു. അന്ധമായ രാഷ്ട്രീയ സംഘടനാ നിലപാടിന്റെ ഭാഗമായി ഈ ഐക്യത്തെ തകർക്കുവാനാണ് ഒരു കൂട്ടർ ഇവിടെ കുപ്രചരണങ്ങളുമായി രംഗത്തെത്തിയത്. ഈ ദുരുപദിഷ്ട നീക്കത്തെ തിരിച്ചറിഞ്ഞ ജീവനക്കാരും അദ്ധ്യാപകരും സംഘടനാ ഭേദമന്യേ സാലറി ചലഞ്ചിനു പിന്നിൽ അണിനിരന്ന് കേരളീയ പുനർസൃഷ്ടിയിൽ പങ്കാളികളാകുകയാണുണ്ടായത്. സംസ്ഥാനത്തിന്റെ പുനർനിർമ്മിതിയിൽ പങ്കാളികളാകുവാൻ രംഗത്തുവന്ന് സാലറി ചലഞ്ച് വിജയിപ്പിച്ച മുഴുവൻ ജീവനക്കാരെയും അദ്ധ്യാപകരെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ജനറൽ കൺവീനർ റ്റി.സി. മാത്തുക്കുട്ടിയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായരും അഭിനന്ദനം അറിയിച്ചു.