സാലറി ചലഞ്ച് –
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന
കേരള സമൂഹത്തോടുള്ള വെല്ലുവിളി
ആക്ഷൻ കൗൺസിൽ – സമരസമിതി
സാലറി ചാലഞ്ച് വിഷയം യു.ഡി.എഫ് ഏറ്റെടുത്ത് പ്രക്ഷോഭത്തിലേക്ക് പോകുമെന്നുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയും അഭിപ്രായപ്പെട്ടു. തങ്ങളുടെ പോഷകസംഘടനകളെ ജീവനക്കാരും അദ്ധ്യാപകരും അവഗണിച്ചതിന്റെ ജാള്യത മറയ്ക്കാനായിരിക്കണം പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ പ്രസതാവന നത്തിയത്. പ്രളയം തകർത്ത കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള മഹായജ്ഞത്തിലാണ് ജീവനക്കാരും അദ്ധ്യാപകരും പങ്കാളികളായത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ ധനശേഖരണത്തിന്റെ ഭാഗമായി വരുമാനമുള്ള ഓരോ മലയാളിയും അവരുടെ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ബഹു: മുഖ്യമന്ത്രിയുടെ അഭ്യർത്ഥനക്ക് വൻ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചത്. സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും അവരുടെ ഒരുമാസ ശമ്പളം പരമാവധി പത്ത് ഗഡുക്കളായി സംഭാവന നൽകണമെന്ന നിർദ്ദേശമാണുണ്ടായത്. ‘സാലറി ചലഞ്ച്’ എന്ന് വിശേഷിക്കപ്പെട്ട ഇതിൽ സന്മനസ്സുള്ള മുഴുവൻ ജീവനക്കാർക്കും പങ്കുചേരുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സർക്കാർ വരുത്തിയിരുന്നു. സംഭാവന നൽകാൻ വൈമുഖ്യമുള്ളവർക്ക് അത് എഴുതി നൽകുന്നതിന് സെപ്റ്റംബർ 22 വരെ സമയം അനുവദിച്ചിരുന്നു. പ്രളയക്കെടുതിയുടെ സാഹചര്യത്തിലും ജീവനക്കാരുടെ നിലവിലുള്ള ഒരു ആനുകൂല്യവും സർക്കാർ കവർന്നെടുക്കുകയോ, പരിമിതപ്പെടുത്തുകയോ ചെയ്തില്ലന്നുള്ളത് ശ്രദ്ധേയമാണ്.
കേരള സമൂഹത്തോടൊപ്പം നിന്ന് ഈ മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കക്ഷി രാഷ്ട്രീയ ചിന്തകൾക്കതീതമായി തയ്യാറായ ജീവനക്കാരെ ഇതിൽ നന്നും പിന്തിരിപ്പിക്കാൻ രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ ആവുംവിധം ശ്രമിക്കുകയുണ്ടായി. സാലറി ചലഞ്ച് നിർബന്ധിത പിരിവാണെന്നും പിടിച്ചുപറിയാണെന്നും ഇഷ്ടമുള്ളത് കൊടുക്കാൻ സംവിധാനം വേണമെന്നൊക്കെ ഇവർ പ്രചരിപ്പിച്ചുനോക്കി. സ്വന്തം ചെലവിൽ വിസമ്മതപത്രം അച്ചടിച്ച് ജീവനക്കാരിലും അദ്ധ്യാപകരിലും വിതരണം ചെയ്തുനോക്കി. എന്നാൽ കേരളത്തിന്റെ ചരിത്രത്തിലിന്നോളം ജീവനക്കാരുടെ ഒറ്റുകാരായി നിന്ന ഇത്തരക്കാരുടെ എല്ലാ രാഷ്ട്രീയ പ്രചരണങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ടാണ് മഹാഭൂരിപക്ഷം ജീവനക്കാരും സാലറി ചാലഞ്ചിനോടൊപ്പം നിന്നത്. സർക്കാർ ജീവനക്കാരുടെ താൽപ്പര്യങ്ങളെ അവഗണിക്കുകയും അവരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും സമൂഹമധ്യത്തിൽ അവരെ താറടിക്കുകയും ചെയ്ത ശക്തികളും അവരുടെ പ്രചാരകരും ഇപ്പോൾ ജീവനക്കാർക്കുവേണ്ടി മുതലകണ്ണീരൊഴുക്കുന്നതിന്റെ രാഷ്ട്രീയം ജീവനക്കാർ തിരിച്ചറിഞ്ഞു. അതുകൊണ്ടുകൂടിയാണ് സാലറി ചാലഞ്ചിനൊപ്പം ആവേശപൂർവ്വം ജീവനക്കാർ നിലകൊണ്ടത്.
ഇപ്പോൾ ജീവനക്കാരോടും അദ്ധ്യാപകരോടും വല്ലാത്ത സ്‌നേഹം കാണിക്കുന്ന പ്രതിപക്ഷനേതാവ് വിവിധ കാലഘട്ടങ്ങളിൽ തന്റെ മുൻഗാമികൾ ചെയ്ത ദ്രോഹ നടപടികൾ ഓർക്കുന്നത് നന്ന്. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിയെടുക്കാതെ ശമ്പളം പറ്റുന്നവരാണെന്നും കൈക്കൂലിക്കാരും അഴിമതിക്കാരുമാണെന്നും ജീവനക്കാരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്നും സംസ്ഥാനത്തുടനീളം പ്രസംഗിച്ചു നടന്ന ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലുണ്ടായിരുന്നു. ജീവനക്കാർ അക്കാലം മറന്നിട്ടില്ല. ക്ഷാമബത്തയും സറണ്ടർ ലീവ് ആനുകൂല്യങ്ങളും പെൻഷനുമെല്ലാം കവർന്നെടുത്തതും സർക്കാർ ഓഫീസുകൾ ആറ് മാസം പൂട്ടിയിട്ടാലും ഒരു ചുക്കും സംഭവിക്കില്ലെന്ന മാടമ്പി പ്രസ്താവനകളും ജനം മറന്നിട്ടില്ല. ഇതിനെതിരെ നടന്ന വീറുറ്റ പ്രക്ഷോഭങ്ങളും ആ പ്രക്ഷോഭങ്ങളെ സഹായിച്ച കേരള ജനതയേയും ജീവനക്കാർക്ക് മറക്കാൻ കഴിയില്ല.
സമൂഹത്തിനൊപ്പം നിൽക്കേണ്ടവരാണെന്ന തിരിച്ചറിവിൽനിന്നാണ് എല്ലാ കുപ്രചരണങ്ങളേയും തള്ളിക്കളഞ്ഞ് ജീവനക്കാർ സാലറി ചാലഞ്ചിൽ പങ്കാളികളായത്. വൈമനസ്യം പ്രകടിപ്പിച്ച ജീവനക്കാർക്ക് ഇനിയും മാറി ചിന്തിക്കാൻ അവസരമുണ്ട്. ഈ സാഹചര്യത്തിൽ ജീവനക്കാരെ തമ്മിലടിപ്പിക്കാനും സിവിൽസർവീസിൽ അരാജകത്വം സൃഷ്ടിക്കാനുമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അപലപനീയമാണെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് ജനറൽ കൺവീനർ റ്റി.സി. മാത്തുക്കുട്ടിയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ എസ്. വിജയകുമാരൻ നായരും പ്രസ്താവിച്ചു.