Kerala NGO Union

സാലറി ചലഞ്ച് – സർവ്വീസ് മേഖല സമ്പൂർണ്ണതയിലേക്ക്
(കേരള എൻ.ജി.ഒ. യൂണിയൻ – കെ.ജി.ഒ.എ)

കേരള പുനർ സൃഷ്ടിക്കായി സർക്കാർ മുന്നോട്ടുവച്ച സാലറി ചലഞ്ച് സർവ്വീസ് മേഖലയിൽ സമ്പൂർണ്ണതയിലേക്ക് എത്തുകയാണ്. സർവ്വീസ് മേഖലയിൽ ഇത് പ്രവർത്തി പഥത്തിൽ കൊണ്ട് വരുന്നതിനായി മുഴുവൻ സർവ്വീസ് സംഘടനകളുമായും സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറക്കിയ ഉത്തരവ് ജീവനക്കാർക്ക് ഏറെ സഹായകരമായിരുന്നു. ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിൽ കുറവ് വരാതെയും ജീവനക്കാരന്റെ കുടുംബ ബഡ്ജറ്റ് തകരാതെയും തന്നെ ബഹുഭൂരിപക്ഷം ജീവനക്കാർക്കും സാലറി ചലഞ്ചിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് സർക്കാർ ഉത്തരവ് പുറത്തുവന്നത്.
കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലും ജീവനക്കാരുടെ ഒരു ആനുകൂല്യത്തിലും കൈവയ്ക്കാതെയും ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിൽ കുറവ് വരാത്ത വിധം ക്രമീകരണങ്ങൾ വരുത്തിയും സർക്കാർ സ്വീകരിച്ച നടപടിയെ ജീവനക്കാരും അദ്ധ്യാപകരും സ്വാഗതം ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ മറവിൽ ജീവനക്കാർക്ക് ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ കവർന്നെടുത്ത മുൻ അനുഭവമാണ് കേരളത്തിലെ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ളത്. 2002-ൽ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് ഏകപക്ഷീയമായാണ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ അന്നത്തെ സർക്കാർ കവർന്നെടുത്തത്.
കേരളത്തിലെ 85 ശതമാനത്തിലധികം ജീവനക്കാരും സാലറി ചലഞ്ചിൽ ഇതിനോടകം തന്നെ അണിനിരന്നു കഴിഞ്ഞു. സംസ്ഥാന സിവിൽസർവ്വീസ് മേഖലയിലെ 19415 ആഫീസുകളിലായി 204300 ജീവനക്കാരിൽ 165000 പേർ ഇതിനകം സാലറി ചലഞ്ചിൽ പങ്കാളികളായിക്കഴിഞ്ഞു. ഇതിൽതന്നെ 5100 ഓഫീസുകളിലെ ജീവനക്കാർ സമ്പൂർണ്ണമായും സാലറി ചലഞ്ചിൽ പങ്കെടുത്തു. ദിനംപ്രതി എന്നോണം കൂടുതൽ കൂടുതൽ ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കാളികളാകുവാൻ സന്നദ്ധരായി വരുകയാണ്. പ്രളയകാലത്ത് പൊതുസമൂഹത്തിൽ ഉടലെടുത്ത ജാതിമത ചിന്തകൾക്കതീതമായ കേരളീയരുടെ യോജിപ്പ് തന്നെയാണ് സിവിൽസർവ്വീസ് മേഖലയിലും നിലനിൽക്കുന്നതെന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്നതാണ് ഇത്. എന്നാൽ ഒരു ചെറു ന്യൂനപക്ഷം വരുന്ന ജീവനക്കാർ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയാണ്. സിവിൽസർവ്വീസിലെ ബഹുഭൂരിപക്ഷവും സാലറി ചലഞ്ചിൽ അണിചേർന്നതിൽ ഇക്കൂട്ടർ വിറളിപൂണ്ടിരിക്കുകയാണ്.
അതിനാൽ സാലറി ചലഞ്ചിനെ പരാജയപ്പെടുത്താനായി എല്ലാമാർഗങ്ങളും ഇക്കൂട്ടർ തേടിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിനു വിസമ്മത പത്രം അച്ചടിച്ച് ജീവനക്കാരെ സമീപിച്ച സെറ്റോ സംഘടനയെ ജീവനക്കാർ കയ്യൊഴിഞ്ഞിരിക്കയാണ്. വിസമ്മതപത്ര കാമ്പയിൻ പരാജയമായതിനാൽ സർക്കാർ ഉത്തരവിൽ എന്തെങ്കിലും നിയമപരമായ പിശക് ഉണ്ടോ എന്ന പരിശോധന നടത്തി വ്യവഹാരത്തിന്റെ പാതയിലാണ് ഫെറ്റോ സംഘടന. കോടതി വിധികളോ ഉത്തരവിലെ നിയമ പ്രശ്‌നങ്ങളോ പരിശോധിച്ചല്ല മറിച്ച് പ്രളയം മൂലം തകർന്ന കേരളത്തെ പുനർ നിർമ്മിക്കേണ്ടതും എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ ദുഃഖവും പ്രയാസങ്ങളും മാറ്റേണ്ടത് തന്റെ കടമയാണ് എന്ന തിരിച്ചറിവും മൂലമാണ് ജീവനക്കാർ ഈ ചലഞ്ചിനോടൊപ്പം ഒത്തുചേർന്നത്.
സിവിൽ സർവ്വീസും പൊതുസമൂഹവും കേരളത്തെ പുനർ നിർമ്മിക്കാനായി പരിശ്രമിക്കുമ്പോൾ രാഷ്ട്രീയ മേലാളന്മാരുടെ ഉത്തരവിനനുസരിച്ച് താളം ചവിട്ടുന്ന സെറ്റോ-ഫെറ്റോ സംഘടനകൾ കഴിഞ്ഞ കാലങ്ങളിൽ സിവിൽസർവ്വീസിനെതിരെ നടന്നിട്ടുള്ള ഭരണാധികാരികളുടെ ചെയ്തികളെ മറക്കാതിരിക്കരുത്.12 മാസം ജോലിചെയ്ത് 13 മാസത്തെ ശമ്പളം വാങ്ങുന്നവരായി നാട്ടാരുടെ മുന്നിൽ വ്യാജവിളംബരം മുഴക്കിയവരും രാജ്യത്തെ സിവിൽസർവ്വീസിലെ പുതിയ തലമുറയെ പങ്കാളിത്ത പെൻഷൻ എന്ന ചൂതാട്ടത്തിന് വിട്ടുനൽകിയവരും, ഇന്ന് ജീവനക്കാരന്റെ അപ്പോസ്തലന്മാരായി വേഷംകെട്ടി ആടുന്നത് കാണുമ്പോൾ ജീവനക്കാർ അമ്പരക്കുകയാണ്. അതിനാൽ കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ജീവനക്കാരെയും അദ്ധ്യാപകരെയും സംഘടനാഭേദമന്യേ ഒരുമിച്ചുനിർത്തി നാടിനെ രക്ഷിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളുടെ വിജയമാണ് സാലറി ചലഞ്ച് സമ്പൂർണ്ണതയിൽ എത്തുന്നതിലൂടെ വ്യക്തമാകുന്നത്. ഈ പൊതു മുന്നേറ്റത്തോടൊപ്പം പങ്കാളികളാകുവാൻ യഥാസമയം സന്നദ്ധമാകാത്ത ഒട്ടേറെ ആളുകൾ നിലപാട് മാറ്റി രംഗത്തുവരുന്നത് അഭിനന്ദനീയമാണ്. സാലറി ചലഞ്ച് സമ്പൂർണ്ണമാക്കുവാൻ തയ്യാറായ മുഴുവൻ ജീവനക്കാരേയും കേരള എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി റ്റി.സി. മാത്തുക്കുട്ടിയും കെ.ജി.ഒ.എ. ജനറൽ സെക്രട്ടറി ടി.എസ്. രഘുലാലും അഭിവാദ്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *